Photo: twitter.com/IndSuperLeague

കൊച്ചി: ലീഗ് ഘട്ടത്തിലെ അവസാന ഹോം മത്സരത്തിന് മുമ്പുതന്നെ കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു. പക്ഷേ സ്വന്തം മൈതാനത്ത് ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തില്‍ കാണികള്‍ക്ക് ആഹ്ലാദിക്കാന്‍ കാര്യമായൊന്നും തന്നെ നല്‍കാന്‍ ടീമിനായില്ല. നാല് ഗോളിനു പുറമെ രണ്ട് ചുവപ്പുകാര്‍ഡുകളും വാങ്ങിയ ബ്ലാസ്റ്റേഴ്‌സ് രണ്ടിനെതിരേ നാല് ഗോളിന് തോറ്റു. സൗള്‍ ക്രെസ്‌പോയും മഹേഷ് സിങ്ങും ഈസ്റ്റ് ബംഗാളിനായി ഇരട്ട ഗോളുകള്‍ നേടി. ഫെഡോര്‍ ചെര്‍നിച്ച് നേടിയ ഗോളിനൊപ്പം ഹിജാസി മഹെറിന്റെ സെല്‍ഫ് ഗോളും ബ്ലാസ്‌റ്റേഴ്‌സിന്റെ അക്കൗണ്ടിലെത്തി. ജയത്തോടെ ഈസ്റ്റ് ബംഗാള്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി.

23-ാം മിനിറ്റില്‍ ലിത്വാനിയന്‍ താരം ചെര്‍നിച്ചിലൂടെ ബ്ലാസ്‌റ്റേഴ്‌സാണ് ആദ്യം സ്‌കോര്‍ ചെയ്തത്. രാഹുല്‍ കെ.പി നല്‍കിയ പാസ് കൃത്യമായ ഓട്ടത്തിലൂടെ പിടിച്ചെടുത്ത ചെര്‍നിച്ച് മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം കൂടിയായ ഈസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പര്‍ പ്രഭ്‌സുഖന്‍ ഗില്ലിനെ മറികടന്ന് പന്ത് വലയിലെത്തിക്കുകയായിരുന്നു. താരത്തിന്റെ രണ്ടാം ഗോളായിരുന്നു ഇത്.

45-ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് ജീക്‌സണ്‍ സിങ് പുറത്തായത് കേരളത്തിന് കനത്ത തിരിച്ചടിയായി. പിന്നാലെ ആദ്യ പകുതി അവസാനിക്കുന്നതിന് ബോക്‌സില്‍ ഈസ്റ്റ് ബംഗാള്‍ താരം വിഷ്ണുവിനെ ഗോള്‍കീപ്പര്‍ കരണ്‍ജിത്ത് വീഴ്ത്തിയതിന് ബ്ലാസ്റ്റേഴ്‌സിനെതിരായ പെനാല്‍റ്റി. കിക്കെടുത്ത ക്രെസ്‌പോ പന്ത് അനായാസം വലയിലാക്കി ടീമിനെ ഒപ്പമെത്തിച്ചു.

10 പേരായി ചുരുങ്ങിയിട്ടും രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കാന്‍ ബ്ലാസ്റ്റേഴ്‌സിനായി. എന്നാല്‍ ദിമിത്രിയോസ് ഡിയാമാന്റക്കോസിനെയും ചെര്‍നിച്ചിനെയും പിന്‍വലിച്ചതോടെ മുന്നേറ്റത്തിലെ മൂര്‍ച്ച കുറഞ്ഞു.

പിന്നാലെ 71-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധപ്പിഴവിലൂടെ ഈസ്റ്റ് ബംഗാള്‍ രണ്ടാം ഗോള്‍ നേടി. അനാവശ്യ മൈനസ് പാസിനൊടുവില്‍ കരണ്‍ജിത്ത് ലെസ്‌കോവിച്ചിന് നീട്ടിയ പന്ത് ഓടിവന്ന് പിടിച്ചെടുത്ത അമനാണ് ഈ ഗോളിന് വഴിയൊരുക്കിയത്. താരത്തിന്റെ പാസ് ക്രെസ്‌പോ വലയിലെത്തിച്ചു.

തുടര്‍ന്ന് 74-ാം മിനിറ്റില്‍ ഒരു ഫൗളിനു പിന്നാലെ അമനെ തല കൊണ്ടിടിച്ചതിന് നവോച്ച സിങ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി, ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് ഒമ്പതു പേരായി ചുരുങ്ങി. 82-ാം മിനിറ്റില്‍ മഹേഷ് സിങ് ഈസ്റ്റ് ബംഗാളിന്റെ മൂന്നാം ഗോള്‍ കുറിച്ചു. പിന്നാലെ 84-ാം മിനിറ്റില്‍ സന്ദീപിന്റെ ക്രോസ് തടയാനുള്ള ശ്രമത്തിനിടെ ഹിജാസി മഹെറിന്റെ കാലില്‍ തട്ടി പന്ത് സ്വന്തം വലയിലെത്തിയതോടെ സ്‌കോര്‍ 3-2 എന്ന നിലയിലായി. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് സമനിലയെങ്കിലും കണ്ടെത്തുമെന്ന പ്രതീക്ഷയുണര്‍ന്നു. എന്നാല്‍ 87-ാം മിനിറ്റില്‍ വിക്ടര്‍ വാസ്‌ക്വസ് ഒരു കോര്‍ണറില്‍ നിന്ന് നല്‍കിയ ഷോര്‍ട്ട് പാസ് അനായാസം വലയിലെത്തിച്ച് മഹേഷ് സിങ് ഈസ്റ്റ് ബംഗാളിന്റെ വിജയം ഉറപ്പാക്കി.

ഐഎസ്എല്‍ ആദ്യ പകുതിയില്‍ അപാരഫോമില്‍ കുതിച്ചിരുന്ന ടീം രണ്ടാം പകുതിയില്‍ വഴങ്ങുന്ന ആറാമത്തെ തോല്‍വിയാണിത്. ആശ്വസിക്കാനുള്ളത് ഒരു ജയവും ഒരു സമനിലയും മാത്രം. 20 കളികളില്‍ നിന്ന് 30 പോയന്റോടെ ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്ത് തുടരുകയാണ്. 21 പോയന്റുള്ള ഈസ്റ്റ് ബംഗാള്‍ ഏഴാം സ്ഥാനത്തും.