റുബൻ അമോറിം | Photo: twitter.com
പരിശീലകന്റെ റിലീസിങ് ക്ലോസ് തുക 117 കോടി
ലണ്ടന്‍: സീസണിനൊടുവില്‍ ലിവര്‍പൂള്‍ വിടുമെന്ന് പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയില്‍നിന്ന് സാവി ഹെര്‍ണാണ്ടസും പടിയിറങ്ങും. അടുത്തസീസണില്‍ ഇരുക്ലബ്ബുകള്‍ക്കും പുതിയ പരിശീലകനെ ആവശ്യമുണ്ട്. ഒടുവില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ സ്പോര്‍ട്ടിങ് ലിസ്ബണിന്റെ റുബന്‍ അമോറിമാണ് ഇരുക്ലബ്ബുകളുടെയും പ്രധാനലക്ഷ്യം.
സ്പോര്‍ട്ടിങ്ങിനെ 207 മത്സരങ്ങളില്‍ ഇറക്കിയ അമോറിം 145 വിജയം നേടിയിട്ടുണ്ട്. പോര്‍ച്ചുഗല്‍ പ്രീമിയര്‍ ലീഗ് അടക്കം നാലു കിരീടങ്ങളും നേടിയിട്ടുണ്ട്. 2020-ല്‍ ബ്രാഗയില്‍നിന്ന് സ്പോര്‍ട്ടിങ് 90 കോടി രൂപ ട്രാന്‍സ്ഫര്‍ ഫീ നല്‍കിയാണ് പരിശീലകനെ സ്വന്തമാക്കിയത്. ക്ലബ്ബ് ഫുട്ബോളില്‍ ഉയര്‍ന്ന ട്രാന്‍സ്ഫര്‍ ഫീ ലഭിച്ച പരിശീലകരില്‍ നാലാം സ്ഥാനത്താണ് പോര്‍ച്ചുഗീസുകാരനായ അമോറിം. നിലവില്‍ 117 കോടി രൂപയാണ് റിലീസിങ് ക്ലോസ്. ബാഴ്സയ്ക്കും ലിവര്‍പൂളിനും പുറമേ യൂറോപ്പിലെ മറ്റുചില ക്ലബ്ബുകളും പരിശീലകനു പിന്നാലെയുണ്ട്. പരിശീലകനെന്നനിലയില്‍ പുറത്തെടുക്കുന്ന മികവും വിജയശരാശരിയുമാണ് അമോറിമിനെ ഇരുക്ലബ്ബുകളുടെയും പ്രിയങ്കരനാക്കുന്നത്. ലിവര്‍പൂള്‍ നേരത്തേ ബയേര്‍ ലേവര്‍ക്യൂസന്റെ സാബി അലോണ്‍സോയെയും ബാഴ്സ യര്‍ഗന്‍ ക്ലോപ്പിനെയുമാണ് ലക്ഷ്യമിട്ടിരുന്നത്. ലിവര്‍പൂള്‍ ബ്രൈട്ടന്‍ പരിശീലകന്‍ റോബര്‍ട്ടോ ഡി സെര്‍ബിയെയും പരിഗണിക്കുന്നുണ്ട്.
