പ്രഗ്യ സിങ് ഠാക്കൂർ, മീനാക്ഷി ലേഖി, ബാംസുരി സ്വരാജ് | Photo: PTI
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടികയില്‍ 33 സിറ്റിങ് എം.പിമാരെ ഒഴിവാക്കിയും പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയും ബി.ജെ.പി. ഡല്‍ഹിയില്‍ അഞ്ച് മണ്ഡലങ്ങളില്‍ നാലിടത്തും സിറ്റിങ് എം.പിമാരെ ഒഴിവാക്കി. ന്യൂഡല്‍ഹി മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന കേന്ദ്രമന്ത്രി മീനാക്ഷി ലേഖിക്ക് ഇക്കുറി സീറ്റില്ല. പകരം, സുഷമാ സ്വരാജിന്റെ മകള്‍ ബാംസുരി സ്വരാജ് ഈ മണ്ഡലത്തില്‍നിന്ന് ജനവിധി തേടും. ബാംസുരിയുടെ കന്നിയങ്കമാണിത്.
വെസ്റ്റ് ഡല്‍ഹി സീറ്റില്‍ ഇത്തവണ മത്സരിക്കുന്നത് കമല്‍ജീത്ത് സെഹ്‌റാവത്താണ്. രണ്ട് വട്ടം എം.പിയായ പര്‍വേഷ് സാഹിബ് സിങ്ങിനെ മാറ്റിയാണ് കമല്‍ജീത്തിന് ടിക്കറ്റ് നല്‍കിയിരിക്കുന്നത്. ചാന്ദ്‌നിചൗക്കില്‍നിന്ന് പ്രവീണ്‍ ഖണ്ഡേല്‍വാല്‍ മത്സരിക്കും. രണ്ടുവട്ടം എം.പിയും കേന്ദ്രമന്ത്രിയുമായ ഹര്‍ഷ്‌വര്‍ധനായിരുന്നു ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്.
മധ്യപ്രദേശില്‍ ഏഴ് സിറ്റിങ് എം.പിമാരെ മാറ്റി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കി. ഗുണയില്‍നിന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മത്സരിക്കും. കൃഷ്ണപാല്‍ സിങ് യാദവായിരുന്നു ഇവിടുത്തെ സിറ്റിങ് എം.പി. വിദിഷ സീറ്റില്‍നിന്ന് ഇക്കുറി മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ മത്സരിക്കും. സിറ്റിങ് എം.പിയായ രമാകാന്ത് ഭാര്‍ഗവയെ നീക്കിയാണ് ചൗഹാന് അവസരം നല്‍കിയത്. പ്രഗ്യാ സിങ് ഠാക്കൂറിനും ഇക്കുറി ടിക്കറ്റ് ലഭിച്ചിട്ടില്ല. ഭോപ്പാല്‍ മണ്ഡലത്തില്‍നിന്ന് അലോക് ശര്‍മയാണ് മത്സരിക്കുക.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ 195 സ്ഥാനാര്‍ഥികളെയാണ് ശനിയാഴ്ച പ്രഖ്യാപിച്ചത്. ഈ പട്ടിക പ്രകാരം അസമിലെ പതിനൊന്ന് ബി.ജെ.പി. സ്ഥാനാര്‍ഥികളില്‍ അഞ്ചുപേര്‍ പുതുമുഖങ്ങളാണ്. ഛത്തീസ്ഗഢിലെ 11 മണ്ഡലങ്ങളില്‍ നാലിടത്തുനിന്ന് സിറ്റിങ് എം.പിമാരെ ഒഴിവാക്കിയിട്ടുണ്ട്. ഗുജറാത്തിലെ 15 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഇതില്‍ അഞ്ച് സിറ്റിങ് എം.പിമാരെ ഒഴിവാക്കി.
ഝാര്‍ഖണ്ഡില്‍ രണ്ട് സീറ്റില്‍ പുതിയ ആളുകളാണ് മത്സരിക്കുക.
