ബി.ആർ.എസ്. വിട്ട് ബി.ജെ.പിയിൽ ചേർന്ന പി. രാമുലുവിനെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ പാർട്ടിയിലേക്ക് സ്വീകരിക്കുന്നു | Photo: PTI
ഹൈദരാബാദ്: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണംനഷ്ടമായ ബി.ആര്‍.എസിന് തെലങ്കാനയില്‍ തിരിച്ചടിയായി സിറ്റിങ് എം.പിമാരുടെ കൊഴിഞ്ഞുപോക്ക്. ഒരാഴ്ചക്കിടെ പാര്‍ട്ടിവിട്ടുപോയ രണ്ടുപേര്‍ക്കും ബി.ജെ.പി. ടിക്കറ്റ് നല്‍കിയതോടെ പാര്‍ട്ടി കൂടുതല്‍ വെട്ടിലായി. ബി.ജെ.പിയുടെ ആദ്യഘട്ട 195 അംഗ പട്ടികയിലാണ് ബി.ആര്‍.എസ്. വിട്ടുപോയ സിറ്റിങ് എം.പിമാര്‍ ഇടംപിടിച്ചത്.
ബി.ആര്‍.എസ്. വിട്ട നാഗര്‍കുര്‍നൂല്‍ എം.പി. പി. രാമലു വ്യാഴാഴ്ചയാണ് മകനൊപ്പം ബി.ജെ.പിയില്‍ ചേര്‍ന്നത്. സഹിരാബാദ് എം.പി. ബി.ബി. പാട്ടീല്‍ പിറ്റേന്നും ബി.ജെ.പിയില്‍ അംഗത്വമെടുത്തു. ഇതിന് പിന്നാലെ ഞായറാഴ്ച പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടികയില്‍ ഇരുവരും ഇടംപിടിച്ചെന്നുമാത്രമല്ല, സിറ്റിങ് സീറ്റുകള്‍ തന്നെ ഇവര്‍ക്ക് ബി.ജെ.പി. അനുവദിക്കുകയും ചെയ്തു. ബി.ആര്‍.എസ്. വീണ്ടും പരിഗണിച്ചേക്കില്ലെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് രണ്ടുപേരും പാര്‍ട്ടിവിട്ടത്. നാഗര്‍കര്‍നൂലില്‍ അച്ചാംപേട്ട് എം.എല്‍.എ. ജി. ബാലരാജുവിനെ മത്സരിപ്പിക്കാന്‍ കെ.സി.ആര്‍. ഒരുങ്ങുന്നുവെന്ന് സൂചനയെത്തുടര്‍ന്നാണ് പി. രാമുലു പാര്‍ട്ടി വിട്ടത്.
17 സീറ്റുള്ള തെലങ്കനായില്‍ ഒമ്പതിടത്തേക്കാണ് ബി.ജെ.പി. നിലവില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ മുന്‍ ബി.ആര്‍.എസ്. എം.പി. കൊണ്ട വിശ്വേശര്‍ റെഡ്ഡിയും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതുവരെ മൂന്ന് സിറ്റിങ് എം.പിമാര്‍ ബി.ആര്‍.എസ്. വിട്ടുപോയിട്ടുണ്ട്. പാര്‍ട്ടിവിട്ട ബി. വെങ്കടേഷ് നേത ഫെബ്രുവരിയില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.
രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്ത് എത്തുന്നതിന്റെ പഞ്ചാത്തലത്തില്‍ കൂടുതല്‍ കൊഴിഞ്ഞുപോക്ക് ബി.ആര്‍.എസില്‍നിന്നുണ്ടായേക്കുമെന്ന് അഭ്യൂഹമുണ്ട്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി അദിലാബാദിലും സങ്കറെഡ്ഡിയിലും പ്രധാനമന്ത്രി പരിപാടികളില്‍ സംബന്ധിക്കും. ബി.ആര്‍.എസ്. ടിക്കറ്റില്‍ മത്സരിക്കാന്‍ ആത്മവിശ്വാസക്കുറവുള്ള നേതക്കള്‍ തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്ന് ബി.ജെ.പി. വക്താവ് കൃഷ്ണസാഗര്‍ റാവു അവകാശപ്പെട്ടു.
