തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പ്രസംഗങ്ങള്‍ പാര്‍ട്ടിവിട്ട് മത്സരിച്ച് എംഎല്‍എമാരായി വിജയിച്ച നേതാക്കളെ ഭീഷണിപ്പെടുത്താനും പ്രവര്‍ത്തകരെ നിര്‍വീര്യരാക്കാനുമുള്ള ശ്രമമാണെങ്കില്‍ അത് വിലപ്പോവില്ലെന്ന് സിഎംപി ജനറല്‍ സെക്രട്ടറിയും ഗതാഗത മന്ത്രിയുമായ സി.പി ജോണ്‍. പാര്‍ട്ടിക്കകത്തെ തന്റെ ഒറ്റപ്പെടല്‍ മറച്ചുപിടിക്കാനും പാര്‍ട്ടിയുടെ യഥാര്‍ത്ഥ വക്താവ് താനാണെന്ന് വരുത്തിത്തീര്‍ക്കാനുമുള്ള ശ്രമങ്ങളാണ് പ്രതിപക്ഷ നേതാവ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിനുള്ളില്‍ പിണറായി വിജയനെതിരെ ശക്തമായ ചര്‍ച്ചകളും നീക്കങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനവും എം.വി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനവും ഒഴിയണം എന്ന ആവശ്യം സിപിഎം ബ്രാഞ്ച് മുതല്‍ സംസ്ഥാന സമിതി വരെ ഉയര്‍ന്നുകഴിഞ്ഞു. പിണറായിയുടെ പ്രസംഗ വേദികളില്‍ സംസ്ഥാന നേതാക്കളോ കണ്ണൂരിലെ പ്രമുഖ നേതാക്കളോ പങ്കെടുക്കാതിരുന്നത് ഏറെ ശ്രദ്ധേയമാണെന്നും സിപി ജോണ്‍ പറഞ്ഞു.

പാര്‍ട്ടി തിരുത്തണം എന്ന കേന്ദ്രകമ്മിറ്റിയുടെ നിര്‍ദേശത്തിന് പകരം പാര്‍ട്ടിയല്ല, ജനങ്ങളാണ് തിരുത്തേണ്ടതെന്ന പിണറായിയുടെ പ്രസ്താവന തന്നെ തിരുത്താന്‍ ആരും വരേണ്ടതില്ലെന്ന മുന്നറിയിപ്പാണെന്നും അതിനുമപ്പുറം, തന്നെ മാറ്റാനും തിരുത്താനും ശ്രമിച്ചാല്‍ താന്‍ വെറുതെയിരിക്കില്ലെന്ന മുന്നറിയിപ്പുമാണ് പിണറായി വിജയന്റെ പ്രസംഗങ്ങളുടെ സാരാംശമെന്നും മന്ത്രി വിമര്‍ശിച്ചു. സിപിഎമ്മിനകത്ത് ഉരുണ്ടികൂടിക്കൊണ്ടിരിക്കുന്ന ഗുരുതരമായ സംഘടനാ പ്രശ്‌നങ്ങള്‍ രാഷ്ട്രീയ രൂപം പ്രാപിക്കുന്നതിന്റെ ലക്ഷണമാണിതെന്ന് സി.പി ജോണ്‍ ചൂണ്ടിക്കാട്ടി.

സിപിഐയെക്കൊണ്ട് പ്രതിപക്ഷ ഉപനേതൃപദവി ചോദിപ്പിച്ചതും പിണറായി വിജയനെതിരായ കരുനീക്കത്തിന്റെ ഭാഗമായാണ് കാണേണ്ടത്. സിപിഐക്ക് ഒരിക്കലും ഇല്ലാതിരുന്ന ഒരു സ്ഥാനം അവരെക്കൊണ്ട് ശക്തമായി ചോദിപ്പിക്കുകയും അതിനെതിരായി നില്‍ക്കുന്നത് പിണറായി വിജയനാണെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്യുന്ന തന്ത്രം സിപിഎമ്മിലെ എതിര്‍വിഭാഗത്തിന്റേതാണ്. എന്തായാലും, പാര്‍ട്ടിക്കകത്തെ പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടി പാര്‍ട്ടിവിട്ട് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ടവരെ ഭീഷണിപ്പെടുത്തുന്ന രാഷ്ട്രീയവുമായി പ്രതിപക്ഷ നേതാവ് രംഗത്തിറങ്ങിയാല്‍ കൈയും കെട്ടി നോക്കിയിരിക്കാന്‍ ഐക്യ ജനാധിപത്യ മുന്നണിയും കേരളത്തിലെ ജനാധിപത്യ ബോധമുള്ള സമൂഹവും തയാറാവില്ലെന്നും സി.പി ജോണ്‍ വ്യക്തമാക്കി.