തിരുവനന്തപുരം: ഓണാഘോഷങ്ങളുടെ ഭാഗമായി ജീവന്‍ ടിവി ഒരുക്കിയ മെഗാ സംഗീത-നൃത്ത പരിപാടി ‘ഓണം വൈബ്‌സ്-2026 വേറിട്ട അനുഭവമായി. വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തില്‍ മെഗാ ഷോ ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ദേശീയ അവാര്‍ഡ് ജേതാവ് ഗായിക വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു. തലസ്ഥാന നഗരിയിലെ സെന്‍ട്രല്‍ സ്റ്റേഡിയമായിരുന്നു ‘ഓണം വൈബ്‌സിന്റെ വേദി. തകര്‍ത്തുപെയ്ത മഴയെ അവഗണിച്ചും താല്‍ക്കാലികമായി നിര്‍മ്മിച്ച വേദിയിലേക്ക് കലാവിരുന്ന് ആസ്വദിക്കാന്‍ വന്‍ ജനാവലിയാണ് എത്തിച്ചേര്‍ന്നത്. അവര്‍ക്കുമുന്നില്‍ ആസ്വാദനത്തിന്റെ പുതുചരിത്രമായി മാറി ജീവന്‍ ടിവി ഒരുക്കിയ മെഗാ സംഗീത-നൃത്ത പരിപാടി ‘ഓണം വൈബ്‌സ്-2026.

സംഗീതവും നൃത്തനൃത്യങ്ങളും സമ്മേളിക്കുന്ന മെഗാ ഷോ എന്ന പതിവുശീലത്തില്‍ നിന്നും വ്യത്യസ്തമായി ഒരു അതുല്യ പ്രതിഭയെ ആദരിച്ചതും പരിപാടിയുടെ മാറ്റ് കൂട്ടി. വിശിഷ്ടാതിഥികള്‍ എത്തിച്ചേര്‍ന്നതോടെ ജീവന്‍ ഓണം വൈബ്‌സിന്റെ വേദിയുണര്‍ന്നു. ജീവന്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ബേബി മാത്യു സോമതീരം വിശിഷ്ടാതിഥികളെയും സദസിനേയും വരവേറ്റു. മുഖ്യാതിഥിയായി എത്തിയ ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരന്‍ ഭദ്രദീപം കൊളുത്തി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, നടനും നിര്‍മ്മാതാവുമായ മണിയന്‍ പിള്ള രാജു, നടന്‍ നന്ദു, ജീവന്‍ ഡയറക്ടേഴ്സ് ജയകുമാര്‍, അഡ്വ: ഹിദായത്തുള്ള എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

തുടര്‍ന്ന് ദേശീയ അവാര്‍ഡ് ജേതാവായ ഗായിക ഡോ: വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു. ജീവന്‍ ടിവി-യുടെ ഉപഹാരമായി 50,000 രൂപയും ഫലകവുമടങ്ങുന്ന പുരസ്‌കാരം വൈക്കം വിജയലക്ഷ്മിക്ക് സമ്മാനിച്ചു. ജീവന്‍ നല്‍കിയ ഉപഹാരത്തിന് വിജയലക്ഷ്മി നന്ദി അറിയിച്ചു. മറ്റൊരു ആദരിക്കല്‍ ചടങ്ങിന് കൂടി ആ വേദി സാക്ഷ്യം വഹിച്ചു. ജീവന്‍ ടിവി-യുടെ ബിസിനസ് എക്സലന്‍സ് അവാര്‍ഡ് മന്ത്രി കെ. മുരളീധരനില്‍ നിന്നും രാജകുമാരി ഗ്രൂപ്പ് ചെയര്‍മാര്‍ സഫീറുദ്ദീന്‍ ഏറ്റുവാങ്ങി. സാംസ്‌കാരിക ചടങ്ങിന് പിന്നാലെ വേദി, സംഗീത-നൃത്ത പരിപാടികള്‍ക്കായി വഴിമാറി. ദേശീയ അവാര്‍ഡിന്റെ നെറുകയിലേക്കെത്തിച്ച ‘അങ്ങ് വാനക്കോണില്.. മിന്നി നിന്നൊരമ്പിളി’ എന്ന ഗാനം വൈക്കം വിജയലക്ഷ്മിയുടെ സ്വരത്തിലൂടെ ഒഴുകിപ്പടര്‍ന്നപ്പോള്‍ സദസ് ഒന്നാകെ ആസ്വാദനത്തിന്റെ ആവേശക്കടലായി മാറി. പിന്നാലെ പാടിപ്പതിഞ്ഞ മെലഡീസും തട്ടുപൊളിപ്പന്‍ പാട്ടുകളുമായി ഇഷാന്‍ ദേവും സംഘവും ഒപ്പം നൃത്തനൃത്യങ്ങളുമായി സറീന ഡാന്‍സ് അക്കാദമിയും സമന്വയിച്ചപ്പോള്‍ ജീവന്‍ ‘ഓണം വൈബ്‌സ്’ ആഘോഷ രാവിലെ പുതിയ അദ്ധ്യായമായി മാറി.
