കോയമ്പത്തൂർ: നടൻ രാം ചരൺ കൈമുട്ടിന് പരിക്കേറ്റ് ആശുപത്രിയിൽ. ഞായറാഴ്ച വൈകിട്ടാണ് താരം പരിക്കേറ്റ് ആശുപത്രിയിലെത്തിയത്. ഇന്ന് കോയമ്പത്തൂരിലെ ഗംഗ ആശുപത്രിയിൽ ശസ്ത്രക്രിയ നടക്കും. രാം ചരൺ അഭിനയിക്കുന്ന പുതിയ ചിത്രമായ പെദ്ദിയുടെ ചിത്രീകരണത്തിനിടെ ആണ് കൈമുട്ടിന് പരിക്കേറ്റത്.

ആശുപത്രി വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, പിതാവ് ചിരഞ്ജീവി, മാതാവ് സുരേഖ, ഭാര്യ ഉപാസന എന്നിവർക്കൊപ്പമാണ് രാം ചരൺ ആശുപത്രിയിലെത്തിയത്. എന്നാൽ ശസ്ത്രക്രിയയുടെ സ്വഭാവമോ മറ്റ് മെഡിക്കൽ വിവരങ്ങളോ ആശുപത്രി അധികൃതർ പുറത്തുവിട്ടിട്ടില്ല. നേരത്തെ ചിത്രത്തിലെ ആക്ഷൻ രംഗത്തിന്റെ ചിത്രീകരണത്തിനിടെ രാം ചരണിന്റെ നെറ്റിയിൽ പരിക്കേറ്റതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

കായിക പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പെദ്ദിയിൽ ക്രിക്കറ്റ് താരവും ഗുസ്തിക്കാരനും ട്രാക്ക് അത്‌ലറ്റുമായ കഥാപാത്രത്തെയാണ് രാം ചരൺ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ശിവരാജ്‌കുമാർ, ജാൻവി കപൂർ, ജഗപതി ബാബു, ദിവ്യേന്ദു ശർമ്മ, ബോമൻ ഇറാനി
എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.