തിരുവനന്തപുരം: ​രാജ്യത്തെ മുഴുവൻ പിടിച്ചു കുലുക്കിയ സംഭവമാണ് ഡൽഹിയിൽ കഴിഞ്ഞ ദിവസങ്ങളിലായി നടന്നത്. നരേന്ദ്ര മോദിയുടെ മൂക്കിന് മുന്നിലാണ് ഇത്രയും ക്രൂരമായ വിദ്യാര്‍ഥി വേട്ട നടന്നത്. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി മാപ്പ് പറയണം എന്ന് കോണ്‍ഗ്രസ് എംപി കെ.സി വേണുഗോപാല്‍.

പാര്‍ലമെന്റില്‍ പ്രതിപക്ഷം ഒറ്റക്കെട്ടാണെന്നും കെ.സി വേണുഗോപാല്‍. കഴിഞ്ഞ ദിവസം അഞ്ച് ദിവസം പാര്‍ലമെന്റ് സമ്മേളനം നടന്നിട്ടില്ല. ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കാതെ പാര്‍ലമെന്റ് നടക്കില്ലെന്ന് പ്രതിപക്ഷം ഒറ്റക്കെട്ടായി നിലപാടെടുത്തുവെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തിന് മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുട്ടുമടക്കിയെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. നാളെ രാവിലെ 9:45ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ പ്രതിപക്ഷ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. യോഗത്തില്‍ പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ആരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഡല്‍ഹി പൊലീസ് പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ചത്? ഇതിനുള്ള ഉത്തരം കേന്ദ്ര സര്‍ക്കാര്‍ നാളെ പാര്‍ലമെന്റില്‍ പറയണം. കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമന്ത്രി രണ്ട് വീഡിയോകള്‍ ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മൂക്കിന് മുന്നിലാണ് ഇത്രയും ക്രൂരമായ വിദ്യാര്‍ഥി വേട്ട നടന്നത്. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി മാപ്പ് പറയണമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. രാജ്യം പ്രധാനമന്ത്രിയുടെ മാപ്പ് ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമരം ചെയ്യുന്നവരോടുള്ള പൊലീസിന്റെ സമീപനത്തില്‍ മാറ്റമുണ്ടാകണം. അത് ഡല്‍ഹിയില്‍ ആയാലും കേരളത്തിലായാലും. ഡല്‍ഹയിൽ കണ്ടത് കക്ഷി രാഷ്ടീയത്തിന് അതീതമായ യുവതയുടെ പോരാട്ട വിജയമാണ്. ആരെയും കുറച്ച് കാണുന്നില്ലെന്നും അദ്ദേഹം.