നീറ്റ് വിവാദത്തെ തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചു. രാജിക്കാര്യം ധര്‍മേന്ദ്ര പ്രധാന്‍ എക്‌സില്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമായി താന്‍ സ്വയം സമര്‍പ്പിച്ചിരിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

നീറ്റ് വിവാദത്തെ തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചു. രാജിക്കാര്യം ധര്‍മേന്ദ്ര പ്രധാന്‍ എക്‌സില്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമായി താന്‍ സ്വയം സമര്‍പ്പിച്ചിരിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ യുവാക്കളുടെ ആഗ്രഹങ്ങളെയും വികാരങ്ങളെയും ബഹുമാനിക്കുന്നു. പല വിദ്യാർത്ഥികളെയും വഴിതെറ്റിക്കുന്നതിനായി ഉത്തരവാദപ്പെട്ട പദവികളിൽ ഇരിക്കുന്ന വ്യക്തികൾ തടസ്സങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചത് തന്റെ മനസിനെ വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ജന്തർ മന്തറിലും രാജ്യത്താകമാനവും നിലനിൽക്കുന്ന സാഹചര്യം രാജ്യവിരുദ്ധ ശക്തികൾ മുതലെടുക്കാതിരിക്കാനാണ് രാജി വയ്ക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

മന്ത്രിയുടെ മന്ത്രി എക്‌സില്‍ കുറിച്ചത്‌:

“എന്റെ യുവസുഹൃത്തുക്കളെ,

കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വിദ്യാഭ്യാസ പരിഷ്കരണങ്ങൾക്കുമായി ഞാൻ എന്നെത്തന്നെ സമർപ്പിച്ചിരിക്കുകയാണ്. ശക്തവും ദൂരക്കാഴ്ചയുള്ളതുമായ ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ് ശക്തമായ രാഷ്ട്രത്തിന്റെ അടിത്തറയെന്ന് എപ്പോഴും വിശ്വസിക്കുന്നു.

രാജ്യത്തെ യുവാക്കളുടെ ആഗ്രഹങ്ങളെയും വികാരങ്ങളെയും അവരുടെ ന്യായമായ പ്രതീക്ഷകളെയും ഞാൻ ആഴത്തിൽ ബഹുമാനിക്കുന്നു. ഭാരതത്തിലെ യുവതലമുറയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുക എന്നത് നമ്മുടെയെല്ലാം രാഷ്ട്രീയവും സാമൂഹികവുമായ ജീവിതത്തിന്റെ പ്രതിജ്ഞബദ്ധതയായിരുന്നു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാജ്യത്തെ സേവിക്കാൻ എനിക്ക് ലഭിച്ച അവസരത്തിന് ഞാൻ അദ്ദേഹത്തോട്‌ നന്ദി രേഖപ്പെടുത്തുന്നു.

2026 മേയ് 3-ന് നടന്ന നീറ്റ്-യുജി പരീക്ഷയിൽ ചില ക്രമക്കേടുകൾ കണ്ടെത്തി. സർക്കാർ ഉടൻ തന്നെ ഇത് ശ്രദ്ധയിൽപ്പെടുകയും അന്വേഷണം സിബിഐക്ക് കൈമാറുകയും ചെയ്തു. തുടർന്ന് പരീക്ഷ റദ്ദാക്കുകയും പുനഃപരീക്ഷയ്ക്കുള്ള തീയതി പ്രഖ്യാപിക്കുകയും ചെയ്തു. അടുത്ത വർഷം മുതൽ ഈ പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാ രീതിയിലേക്ക് മാറ്റാനും തീരുമാനിച്ചു.

ഈ സമയമത്രയും 20 ലക്ഷത്തിലധികം വരുന്ന വിദ്യാർത്ഥികളുടെ പരീക്ഷ തടസ്സമില്ലാതെ നടത്തുക എന്നതിനായിരുന്നു പ്രധാന മുൻഗണന. കേന്ദ്ര സർക്കാരിനൊപ്പം സംസ്ഥാന സർക്കാരുകളും, പ്രത്യേകിച്ച് ജില്ലാ ഭരണകൂടങ്ങളും ഇതിൽ സുപ്രധാന പങ്ക് വഹിച്ചു. ഒപ്പം വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും മാതാപിതാക്കളുടെയും സഹകരണത്തോടെ 2026 ജൂൺ 21-ന് പരീക്ഷ വിജയകരമായി പൂർത്തിയായി.

മന്ത്രിയുടെ പോസ്റ്റ്:

ആദ്യ ദിവസം മുതൽ ഇതിന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുകയും ഈ സാഹചര്യത്തിൽ നിന്ന് ഒരിക്കലും മുഖം തിരിക്കാതിരിക്കുകയും ചെയ്തു. പരീക്ഷാ മാഫിയ കാരണം കഴിവുള്ള ഒരു വിദ്യാർത്ഥിയുടെയും ഭാവി തകരരുത് എന്നും ഒരു വിദ്യാർത്ഥിയോടും അനീതി കാട്ടരുത് എന്നതുമായിരുന്നു എന്റെ നിശ്ചയം.

ജൂലൈ 16-ന് പ്രഖ്യാപിച്ച നീറ്റ് യുജി ഫലം തൃപ്തികരമായിരുന്നു. പാവപ്പെട്ട പശ്ചാത്തലത്തിൽ നിന്ന് വന്ന കഴിവുറ്റ ഒട്ടനവധി വിദ്യാർത്ഥികൾക്ക് അതിൽ വിജയം നേടാൻ സാധിച്ചു.

ഈ കാലയളവിലും പല വിദ്യാർത്ഥികളെയും വഴിതെറ്റിക്കുന്നതിനായി ഉത്തരവാദപ്പെട്ട പദവികളിൽ ഇരിക്കുന്ന വ്യക്തികൾ തടസ്സങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചത് മനസ്സിനെ ഏറെ വേദനിപ്പിച്ചു.

നമ്മുടെ ജനാധിപത്യത്തിന്റെ കരുത്തിൽ എപ്പോഴും അടിയുറച്ച് വിശ്വസിക്കുന്ന ആളാണ് ഞാൻ. യുവാക്കളുടെ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും പ്രതീക്ഷകളെയും ഞാൻ ആഴത്തിൽ ബഹുമാനിക്കുന്നു. അവർ രാഷ്ട്രത്തിന്റെ ഭാവി മാത്രമല്ല, വികസിത ഭാരതത്തിന്റെ വാഹകരും നിർമ്മാതാക്കളും ശില്പികളുമാണ്.

കഴിഞ്ഞ 10 ദിവസത്തെ സംഭവവികാസങ്ങൾ കണ്ട് എന്റെ മനസ്സ് ദുഃഖിതമാണ്. ഇത് എനിക്ക് വ്യക്തിപരമായ അന്തസ്സിന്റെ വിഷയമല്ല. ഭാരതത്തിന്റെ യുവശക്തി തന്നെയാണ് ഈ രാജ്യത്തിന്റെ യഥാർത്ഥ കരുത്ത്. രാജ്യത്തെ യുവശക്തിയെ ഭ്രമത്തിന്റെ കപടവലയത്തിൽ കുടുങ്ങാൻ അനുവദിക്കില്ലെന്നതാണ് എന്റെ നിശ്ചയം.

ജന്തർ മന്തറിലും രാജ്യത്താകമാനവും നിലനിൽക്കുന്ന സാഹചര്യം രാജ്യവിരുദ്ധ ശക്തികൾ മുതലെടുക്കാതിരിക്കാനും, രാജ്യത്തിന്റെ ഐക്യം നിലനിൽക്കാനും, ഭാരതത്തിലെ ഒരു വിദ്യാർത്ഥിയുടെ പോലും ഭാവി നിയമപരമായ സങ്കീർണ്ണതകളിൽ കുടുങ്ങിപ്പോകാതിരിക്കാനും, നമ്മുടെ കുട്ടികൾ തങ്ങളുടെ സമയം പഠനത്തിനായി വിനിയോഗിച്ച് കരിയർ കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും വേണ്ടിയാണ് ഞാൻ എന്റെ രാജി പ്രധാനമന്ത്രിക്ക് അയച്ചുനൽകിയത്.

പ്രധാനമന്ത്രിയുടെ മാർഗ്ഗനിർദ്ദേശത്തിനും വിശ്വാസത്തിനും തുടർച്ചയായ പിന്തുണയ്ക്കും ഞാൻ ഹൃദയം നിറഞ്ഞ കൃതജ്ഞത രേഖപ്പെടുത്തുന്നു. അതോടൊപ്പം, മന്ത്രിസഭയിലെ എന്റെ എല്ലാ സഹപ്രവർത്തകർക്കും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ഒപ്പം പ്രവർത്തിക്കാൻ ഭാഗ്യം ലഭിച്ച എല്ലാവർക്കും ഞാൻ നന്ദി അറിയിക്കുന്നു. രാഷ്ട്രസേവനമാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മുൻഗണന. അതിനായി ഞാൻ എപ്പോഴും സമർപ്പിതനായിരിക്കും.

പ്രഭു ശ്രീ ജഗന്നാഥന്റെ അനുഗ്രഹത്താൽ വരുംകാലങ്ങളിലും ഭാരതമാതാവിന്റെയും ഒഡീഷയിലെ ജനങ്ങളുടെയും രാജ്യത്തെ യുവാക്കളുടെയും ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്നതിനായി സാധ്യമായ എല്ലാ രീതിയിലും ഞാൻ എന്നെ സമർപ്പിക്കും”.

വിശ്വസ്തതയോടെ,

ധർമേന്ദ്ര പ്രധാൻ