തിരുവനന്തപുരം: സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിർമാണ പ്രവർത്തനങ്ങൾക്കിടെ പൈലിംഗ് യന്ത്രം ട്രാക്കിലേക്ക് ചരിഞ്ഞ് അപകടം. സംഭവത്തെ തുടർന്ന് ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലൂടെയുള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. സ്റ്റേഷനിലെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി നടക്കുന്ന നിർമാണത്തിനിടെയാണ് ഭീമൻ പൈലിംഗ് യന്ത്രം നിയന്ത്രണം വിട്ട് ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിനോട് ചേർന്ന ട്രാക്കിലേക്ക് മറിയിയത്.

വൈദ്യുത ലൈനിൽ തട്ടിയാണ് യന്ത്രം നിലച്ചത്. ഇതോടെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലെ ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു. യന്ത്രം ട്രാക്കിൽ നിന്ന് മാറ്റാൻ ക്രെയിൻ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് ശ്രമം നടത്തിയെങ്കിലും ഇതുവരെ വിജയിച്ചിട്ടില്ല.

നിലവിൽ വൈകിട്ട് മൂന്ന് മണിവരെയാണ് ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലെ ഗതാഗതം നിർത്തിവെച്ചിരിക്കുന്നത്. അതേസമയം, സ്റ്റേഷനിലെ മറ്റ് ട്രാക്കുകളിലൂടെയുള്ള ട്രെയിൻ സർവീസുകൾ സാധാരണ നിലയിൽ തുടരുന്നതിനാൽ യാത്രക്കാരുടെ യാത്രയ്ക്ക് വലിയ തടസ്സമുണ്ടായിട്ടില്ല. യന്ത്രം സുരക്ഷിതമായി മാറ്റിയ ശേഷം ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലെ ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.