ന്യൂഡൽഹി: അഫ്ഗാനിസ്ഥാനില്‍ പാകിസ്താൻ നടത്തിയ വ്യോമാക്രമണങ്ങളെയും സൈനിക നടപടികളെയും ശക്തമായി അപലപിച്ച് ഇന്ത്യ. അഫ്ഗാന്‍ മണ്ണില്‍ പാകിസ്ഥാന്‍ നടത്തിയത് അതിക്രമമാണെന്ന് വിദേശകാര്യമന്ത്രാലയം വിമര്‍ശിച്ചു. ഈ ആക്രമണങ്ങൾ അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും, ഇസ്ലാമാബാദിന്റെ തുടർച്ചയായ നിരുത്തരവാദപരമായ പെരുമാറ്റത്തിന്റെ പ്രതിഫലനമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. അഫ്ഗാൻ മണ്ണിലെ പാകിസ്താന്റെ വ്യോമാക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
“സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി സാധാരണക്കാരുടെ മരണത്തിന് ഇടയാക്കിയ, അഫ്ഗാൻ മണ്ണിലെ പാകിസ്താന്റെ വ്യോമാക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിക്കുന്നു. പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായ ഈ ആക്രമണം അഫ്ഗാനിസ്താന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും, പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും നേരെയുള്ള നേരിട്ടുള്ള ഭീഷണിയുമാണ്.
തങ്ങളുടെ ആഭ്യന്തര പരാജയങ്ങളെ അതിർത്തികൾക്കപ്പുറത്തുള്ള നിരാശാജനകമായ അക്രമപ്രവർത്തനങ്ങളിലൂടെ മറികടക്കാനുള്ള പാകിസ്താന്റെ വ്യർത്ഥമായ ശ്രമത്തെയും അവരുടെ നിരന്തരമായ അവിവേകപൂർണ്ണമായ പെരുമാറ്റത്തെയുമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട അഫ്ഗാൻ കുടുംബങ്ങളെ ഇന്ത്യ അനുശോചനം അറിയിക്കുകയും, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഒപ്പം, അഫ്ഗാനിസ്താന്റെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും വേണ്ടിയുള്ള അചഞ്ചലമായ പിന്തുണ ഇന്ത്യ ഒരിക്കൽ കൂടി ആവർത്തിക്കുന്നു”, വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
