അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) മാൾഡയിൽ ഒരു കൂട്ടം ബംഗ്ലാദേശി പൗരന്മാരെ കസ്റ്റഡിയിലെടുത്ത് ബംഗ്ലാദേശിലേക്ക് തിരിച്ചയക്കാൻ ശ്രമിച്ചതിന് പിന്നാലെ നുഴഞ്ഞുകയറ്റത്തെ സംബന്ധിച്ചുള്ള ആശങ്കകൾ പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ വീണ്ടും സജീവ ചർച്ചയാകുന്നു. എന്നാൽ ഇവരെ തിരിച്ചയാക്കാൻ ശ്രമിക്കുന്നതിനിടെ ബോർഡർ ഗാർഡ് ബംഗ്ലാദേശും (BGB) ഒരു വലിയ വിഭാഗം ബംഗ്ലാദേശി പൗരന്മാരും ബിഎസ്എഫിനെ തടസ്സപ്പെടുത്തിയത് വലിയ വിവാദങ്ങൾക്ക് കാരണമായി.
ഈ സംഭവം അതിർത്തി ജില്ലയിലെ നിവാസികൾക്കിടയിൽ വലിയ തോതിൽ ആശങ്ക പരത്തുകയും രാഷ്ട്രീയ വൃത്തങ്ങളിൽ നിന്ന് കടുത്ത പ്രതികരണങ്ങൾക്ക് വഴിവെക്കുകയും ചെയ്തിട്ടുണ്ട്. സുഖ്ദേവ്പൂർ ഗ്രാമവാസിയായ പിയൂഷ് മൊണ്ടൽ സംഭവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്, “ഏകദേശം അയ്യായിരം മുതൽ ഏഴായിരം വരെ ബംഗ്ലാദേശി പൗരന്മാർ സീറോ ലൈനിൽ സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചു. ഏകദേശം 15 ബംഗ്ലാദേശി പൗരന്മാർ ഗ്രാമത്തിലേക്ക് കടക്കാൻ ശ്രമിച്ചതായും ബിഎസ്എഫ് ഇത് തടഞ്ഞതായും ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞു. ഈ ആളുകൾക്ക് പ്രവേശിക്കാൻ കഴിയാത്തവിധം 1,200 മീറ്റർ ദൂരം വേലികെട്ടാൻ ഞങ്ങൾ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു”.
ചപല മണ്ഡൽ എന്ന മറ്റൊരു സ്ത്രീ പറഞ്ഞത് ഇങ്ങനെയാണ്, “ഈ ബംഗ്ലാദേശി പൗരന്മാർ ഇങ്ങോട്ട് കടക്കാൻ ശ്രമിച്ചപ്പോൾ, ബി.എസ്.എഫിന്റെ സഹായത്തോടെ ഗ്രാമവാസികൾ അവരെ തടഞ്ഞു. ഈ ആളുകൾ ഞങ്ങളുടെ ഭൂമിയിൽ കയറി സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിക്കുന്നു. ഇതുപോലുള്ള സംഭവങ്ങൾ തടയുന്നതിനായി അതിർത്തിയിൽ വേലി കെട്ടണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.” സംഘർഷം രൂക്ഷമായതോടെ, കുറച്ചു കാലത്തേക്ക് അതിർത്തി പ്രദേശത്തേക്ക് പോകരുതെന്ന് ബി.എസ്.എഫ് ഗ്രാമവാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിർത്തിയിൽ നിലവിൽ ചുവന്ന പതാക ഉയർത്തിയിരിക്കുകയാണ്.
