തിരുവനന്തപുരം: സംസ്ഥാനത്ത് സെൻസസ് നടപടികൾക്ക് ഇന്ന് തുടക്കം. ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യുമറേഷൻ സൗകര്യങ്ങളും ഇന്ന് മുതൽ ലഭ്യമാകും. se.census. gov.in എന്ന പോർട്ടലിലൂടെ വിവരങ്ങൾ രേഖപ്പെടുത്താവുന്നതാണ്. ജൂൺ 30 വരെയാണ് സെൽഫ് എന്യുമറേഷനുള്ള സമയം. സംസ്ഥാനത്താകെ 61,282 എന്യൂമറേറ്റർമാരെയും 10,189 സൂപ്പർവൈസർമാരെയുമാണ് സെൻസസ് ജോലികൾക്കായി നിയോഗിച്ചിട്ടുള്ളത്. വീടുകളുടെ കണക്കെടുപ്പും പട്ടികപ്പെടുത്തലും പൂർത്തിയാക്കിയ ശേഷം, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായിരിക്കും രണ്ടാം ഘട്ടമായുള്ള യഥാർത്ഥ ജനസംഖ്യാ കണക്കെടുപ്പ് കേരളത്തിൽ നടക്കുന്നത്.
രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടപടികൾ പൂർത്തിയാക്കുന്നത്. വീടുകളുടെ കണക്കെടുപ്പും പട്ടികപ്പെടുത്തലുമാണ് ഒന്നാം ഘട്ടത്തിൽ പ്രധാനമായും നടക്കുന്നത്. ആദ്യഘട്ടത്തിൽ എന്യൂമറേറ്റർമാർ ഓരോ വീടുപട്ടിക ബ്ലോക്കിലെയും കെട്ടിടങ്ങൾ, പ്രധാന ലാൻഡ്മാർക്കുകൾ എന്നിവ ഉൾപ്പെടുത്തി ലേഔട്ട് മാപ്പ് തയ്യാറാക്കും. എന്യൂമറേറ്റർമാർ വീടുകളിലെത്തുന്നതിന് മുൻപുതന്നെ കുടുംബനാഥനോ പ്രായപൂർത്തിയായ മറ്റേതെങ്കിലും അംഗത്തിനോ ഓൺലൈനായി വിവരങ്ങൾ സമർപ്പിക്കാം. ജനങ്ങൾ സ്വയം രേഖപ്പെടുത്തിയ വിവരങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷമാകും അന്തിമമാക്കുന്നത്. പ്രവാസി മലയാളികൾക്ക് സെൻസസ് ബാധകമല്ലെന്ന് ചീഫ് പ്രിൻസിപ്പൽ സെൻസസ് ഓഫീസർ മിത്ര ടി ഐഎസ് വ്യക്തമാക്കി.
ജൂലൈ ഒന്ന് മുതൽ മുപ്പത് വരെ സെൻസസ് ഉദ്യോഗസ്ഥർ ഭവന സന്ദർസനത്തിനായി നേരിട്ട് വീടുകളിലെത്തും. ഈ സമയം നിങ്ങൾ മുമ്പ് സെൽഫ് എന്യൂമറേഷൻ വഴി വിവരങ്ങൾ നൽകിയവർ തങ്ങൾക്ക് ലഭിച്ച റഫറൻസ് നമ്പർ മാത്രം ഉദ്യോഗസ്ഥർക്ക് കൈമാറുക.
