തൃശൂർ: ഭക്തര്‍ക്ക് സുഖദര്‍ശനം സാധ്യമാക്കുന്നതിന് ഗുരുവായൂര്‍ ക്ഷേത്രത്തിൽ വെര്‍ച്വല്‍ ക്യു സംവിധാനം വരുന്നു. ഹൈക്കോടതിയുടെ നിര്‍ദ്ദേശം പാലിച്ചാണ് സംവിധാനം നടപ്പിലാക്കുന്നതെന്ന് ദേവസ്വം ചെയര്‍മാന്‍ എ വി ഗോപിനാഥ് അറിയിച്ചു. ദര്‍ശനത്തിന് മണിക്കൂറുകള്‍ വരി നില്‍ക്കുന്നത് ഒഴിവാക്കാന്‍ ഫെയിസ് ആപ് സംവിധാനവും നടപ്പിലാക്കുന്നുണ്ട്. ദേവസ്വം ആവിഷ്‌കരിച്ച ഫേയ്‌സ് ആപ്പ് സംവിധാനം നടപ്പാക്കുന്നതിന് മുന്നോടിയായാണ് വെര്‍ച്വല്‍ ക്യൂ ഒരുക്കുന്നത്. ഇതിനുള്ള നടപടി ക്രമങ്ങള്‍ ഉടന്‍ ആരംഭിക്കും.

അപേക്ഷിച്ച ഏജന്‍സികളില്‍ നിന്ന് മികച്ച ഏജന്‍സിക്ക് നടപ്പിലാക്കാനുള്ള ചുമതല കൈമാറും. ക്യു കോംപ്ലക്‌സ് പ്രാവര്‍ത്തികമാകുന്നതു വരെയാണ് ഈ സംവിധാനങ്ങള്‍. അത്യാധുനിക ക്യൂ കോംപ്ലക്‌സ് നിര്‍മിക്കുന്നതോടെ ഭക്തരുടെ ബുദ്ധിമുട്ട് അവസാനിക്കും. മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് ടെന്‍ഡര്‍ നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും ദേവസ്വം ചെയര്‍മാന്‍ അറിയിച്ചു.

ക്ഷേത്ര വികസനത്തിന് ഭൂമി ആവശ്യമാണ്. ഭൂമി നഷ്ടപ്പെടുന്നവരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ പത്തു ദിവസത്തിനുള്ളില്‍ അവരുമായി ചര്‍ച്ച നടത്തുമെന്നും ചെയര്‍മാന്‍ അറിയിച്ചു. നവീകരിച്ച കൗസ്തുഭം റസ്റ്റ്ഹൗസ് അടുത്ത മാസം ഭക്തര്‍ക്ക് തുറന്നു കൊടുക്കും. ഭക്തരുടെ ഫോണ്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ സൂക്ഷിക്കുന്നതിനായി ഡിജി ലോക്കര്‍ സംവിധാനം ഏര്‍പ്പെടുത്തും. ദര്‍ശനത്തിനുപയോഗിക്കുന്ന ക്ഷേത്രത്തിനുള്ളിലെ ഫ്‌ലൈ ഓവര്‍ മാറ്റി പ്രായമായവര്‍ക്കും കുട്ടികള്‍ക്കും ബുദ്ധിമുട്ടില്ലാതെ കയറുന്നതിന് കഴിയുന്ന പുതിയ ഫ്‌ലൈ ഓവര്‍ രണ്ട് ആഴ്ചക്കകം സ്ഥാപിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു.