തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിനുള്ളിൽ തെക്കൻ-മധ്യ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ പെയ്തേക്കുമെന്നാണ് പ്രവചനം.
മഴയ്ക്കൊപ്പം തന്നെ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
അതേസമയം ഇന്ത്യയിൽ കാലവർഷം ശരാശരിയിൽ കുറവായിരിക്കും ലഭിക്കുക എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിലും കാലവർഷം ശരാശരിയിൽ കുറവായിരിക്കും കിട്ടുക. എൽ നിനോ പ്രതിഭാസത്തിൻ്റെ സ്വാധീനത്താലാണ് മഴ കുറയുക.
മഴ കുറയുന്നത് വരൾച്ചയ്ക്ക് കാരണമാകുമെന്ന് മുന്നറിയിപ്പുണ്ട്. സാധാരണ അളവിൽ 92 % വരെയെങ്കിലും മഴ ലഭിക്കണം. എന്നാൽ 90 % മഴ മാത്രമേ രാജ്യത്ത് ലഭിക്കുകയുള്ളൂ. കാർഷിക മേഖലയേയും വൈദ്യുതി ഉത്പാദനത്തെയും ബാധിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ വിലയിരുത്തൽ.
