തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ മോഷണം പോയ സംഭവത്തിൽ ദുരൂഹത തുടരുന്നതിനിടെ ക്ഷേത്ര ഭരണസമിതി അടിയന്തര യോഗം ഇന്ന് ചേരും. സംഭവത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായെന്ന് പോലീസ് റിപ്പോർട്ടിന് പിന്നാലെയാണ് യോഗം. കവടിയാർ കൊട്ടാരത്തിലെ മോഷണവുമായി ഇതിന് ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. കള്ളൻ കപ്പലിൽ തന്നെയാണോ എന്ന് അന്വേഷിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരനും പറഞ്ഞിരുന്നു.
സംസ്ഥാന ഇന്റലിജൻസ് മേധാവി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡിജിപി സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ കത്തിലാണ് മോഷണ വിവരങ്ങൾ പറയുന്നത്. കഴിഞ്ഞ ആറേഴ് മാസങ്ങൾക്കിടെ ശ്രീകോവിലിനുള്ളിലെ വൈരനാമ, ക്ഷേത്രത്തിലെ സ്വർണ്ണ വിളക്ക്, 78 ഗ്രാം തൂക്കം വരുന്ന മറ്റ് സ്വർണ്ണം തുടങ്ങിയവയാണ് കാണാതായിരിക്കുന്നത്. മോഷണവിവരം പുറത്ത് വന്നതിന് പിന്നാലെ ദേവസ്വം മന്ത്രി കെ. മുരളീധരനും ആഭ്യന്തര മന്ത്രിയും ക്ഷേത്ര അധികാരികളിൽ നിന്ന് വിശദീകരണം തേടിയിരുന്നു.
ക്ഷേത്രത്തിലെ നിലവറയ്ക്ക് പുറത്തുള്ള സ്വർണവും വെള്ളിയും സ്ട്രോങ് റൂമിലേക്ക് എത്രയും വേഗം മാറ്റണമെന്നും ഡിജിപി നിർദേശിച്ചു. കൂടാതെ, വിശ്വാസികൾ സംഭാവനായായി നൽകുന്ന മുഴുവൻ വസ്തുക്കളും ലോക്കറിലേക്ക് മാറ്റി പോലീസ് കാവൽ ഏർപ്പെടുത്തണമെന്നും സൂക്ഷ്മ പരിശോധന കൂടാതെ ഒരാളെ പോലും ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കരുതെന്നും ഡിജിപി നിർദേശം നൽകി.
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് ഡിജിപി നൽകിയ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി മന്ത്രി രമേശ് ചെന്നിത്തലക്കു കൈമാറിയിരുന്നു. ഇൻ്റലിജൻസ് റിപ്പോർട്ടിൻ്റ അടിസ്ഥാനത്തിലാണ് സർക്കാരിന് ഡിജിപി റിപ്പോർട്ട് നൽകിയത്. രണ്ട് മാസം മുൻപാണ് ഡിജിപി റിപ്പോർട്ട് തയ്യാറാക്കിയത്. സംസ്ഥാന പൊലീസ് മേധാവിക്ക് വേണ്ടി എഡിജിപി എസ് ശ്രീജിത്താണ് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയത്.
വിശദീകരിക്കുന്നത്.
