തിരുവനനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നതായി കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം അനുസരിച്ച്, ഒമ്പത് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് നിലനിൽക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

അതുപോലെ തന്നെ, അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇതുകൂടാതെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ, കേരള – ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – ലക്ഷദ്വീപ്- കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.