ചൂട് കനത്തതോടെ കേരളത്തിൽ പാമ്പ് കടിയേറ്റ് മരിക്കുന്നവരുടെ എണ്ണം കൂടുകയാണ്. തൃശ്ശൂർ കോടാലിയിലാണ് ആദ്യ മരണം റിപ്പോർട്ട് ചെയ്തത്. എട്ട് വയസുകാരൻ ആൽജോയാണ് മരിച്ചത്. ഉറങ്ങി കിടന്നപ്പോൾ ആൽജോയ്ക്കും സഹോദരനും കടിയേൽക്കുകയായിരുന്നു. ആൽജോയുടെ സഹോദരൻ ആശുപത്രിയിൽ ചികിത്സയിലാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് മരിക്കുന്നവരുടെ എണ്ണം കൂടുന്നതിനിടെ കണക്കുകളിൽ പൊരുത്തകേടുമായി വനം-ആരോഗ്യ വകുപ്പുകൾ. വനംവകുപ്പിന്റെ കണക്ക് പ്രകാരം, കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 86 പേരാണ് പാമ്പ് കടിയേറ്റ് മരിച്ചത്. എന്നാൽ, ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം അത് നാല് പേർ മാത്രമാണെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു.
പാമ്പുവിഷബാധയെ രോഗങ്ങളുടെ പട്ടികയിൽ (നോട്ടിഫൈഡ് ഡിസീസസ്) ഉൾപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും പാമ്പ് കടിയേറ്റുള്ള മരണങ്ങളിൽ കൃത്യമായ കണക്കുകൾ ആരോഗ്യവകുപ്പിന് ഇല്ലെന്ന ആരോപണം ഉയരുകയാണ്. 2024ൽ ഒരാളും 25ൽ 3 പേരും മാത്രമാണ് മരിച്ചതെന്നും 2023ൽ മരണങ്ങളൊന്നുമില്ലെന്നുമാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. എന്നാൽ, വനംവകുപ്പ് റിപ്പോർട്ട് പ്രകാരം, 2023–24 വർഷങ്ങളിൽ 34 പേരും 2024–25ൽ 34 പേരും 2025–26ൽ 18 പേരുമാണ് പാമ്പ് കടിയേറ്റ് മരിച്ചത്.
അതേസമയം, ചൂട് കനത്തതോടെ കേരളത്തിൽ പാമ്പ് കടിയേറ്റ് മരിക്കുന്നവരുടെ എണ്ണം കൂടുകയാണ്. തൃശ്ശൂർ കോടാലിയിലാണ് ആദ്യ മരണം റിപ്പോർട്ട് ചെയ്തത്. എട്ട് വയസുകാരൻ ആൽജോയാണ് മരിച്ചത്. ഉറങ്ങി കിടന്നപ്പോൾ ആൽജോയ്ക്കും സഹോദരനും കടിയേൽക്കുകയായിരുന്നു. ആൽജോയുടെ സഹോദരൻ ആശുപത്രിയിൽ ചികിത്സയിലാണ്. തുടർന്നുള്ള ദിവസങ്ങളിലും ആൽജോയുടെ വീട്ടിൽ നിന്ന് വിഷ പാമ്പുകളെ കണ്ടെടുത്തിരുന്നു.
ചിറയിൻകീഴ് സ്വദേശികളായ ദിലീപ്-അനു ദമ്പതികളുടെ മകൻ ദിക്ഷാൽ, കായംകുളം സ്വദേശി സലീന എന്നിവരാണ് തൊട്ടടുത്ത ദിവസം മരിച്ചത്. ദിക്ഷാലിനെയും ഉറക്കത്തിലാണ് കടിച്ചത്. വിവാഹ സൽകാരം കഴിഞ്ഞ് തിരിച്ച് മടങ്ങാൻ വാഹനത്തിനടുത്ത് എത്തിയപ്പോഴാണ് സലീനയെ പാമ്പ് കടിച്ചത്. കണ്ണൂർ സ്വദേശി നബീസയ്ക്ക് വീട്ടിൽ വച്ചാണ് പാമ്പ് കടിയേറ്റത്. ഇടുക്കിയിലും ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
