ഏപ്രിൽ 10നാണ് കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായ നിതിൻ രാജ് ആത്മഹത്യ ചെയ്തത്. കേളേജ് കെട്ടിടത്തിൽ നിന്ന് ചാടി മരിക്കുകയായിരുന്നു.
കണ്ണൂർ: ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളുടെ ജാമ്യ ഹർജിയിൽ വിധി ഇന്ന്. തലശ്ശേരി സെഷൻസ് കോടതിയാണ് വകുപ്പ് മേധാവി ഡോ. റാം, സംഗീത നമ്പ്യാർ എന്നിവരുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത്. കഴിഞ്ഞ ദിവസം നിതിൻ രാജിന്റെ അച്ഛൻ കേസിൽ കക്ഷി ചേർന്നിരുന്നു. ഇവരുടെ വാദവും ഇന്ന് കോടതി കേൾക്കുന്നതാണ്.
കഴിഞ്ഞ ഏപ്രിൽ 10നാണ് കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായ നിതിൻ രാജ് ആത്മഹത്യ ചെയ്തത്. കേളേജ് കെട്ടിടത്തിൽ നിന്ന് ചാടി മരിക്കുകയായിരുന്നു. എന്നാൽ, മരണത്തിന് പിന്നാലെ വകുപ്പ് മേധാവിയായ ഡോ. റാമിനെതിരെ വലിയ ആരോപണങ്ങളാണ് ഉയർന്നത്. വിദ്യാർത്ഥികൾക്ക് റാമിൽ നിന്ന് വലിയ മാനസിക പീഡനങ്ങളാണ് നേരിടേണ്ടി വന്നിട്ടുള്ളത്.
ജാതിയുടെയും നിറത്തിന്റെയും സമ്പത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ അധ്യാപകൻ അധിക്ഷേപിച്ചിരുന്നതായി വിദ്യാർത്ഥികൾ വെളിപ്പെടുത്തിയിരുന്നു. ആത്മഹത്യാ പ്രേരണ കുറ്റവും പട്ടികജാതി പട്ടികവർഗ്ഗ അതിക്രമ നിരോധന വകുപ്പുകളും ചേർത്താണ് അധ്യാപകർക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്നാൽ ഒളിവിൽ പോയ ഇരുവരെയും കണ്ടെത്താൻ പോലീസിന് കഴിഞ്ഞിരുന്നില്ല. പ്രതികൾക്ക് ജാമ്യം നേടി രക്ഷപ്പെടാനുള്ള സാഹചര്യം ഒരുക്കുകയാണെന്ന് ആരോപണം ഉയർന്നിരുന്നു.
