വാഷിങ്ടൻ : ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി അമേരിക്ക തങ്ങളുടെ സമുദ്ര ഇൻഷുറൻസ് പരിരക്ഷ 40 ബില്യൺ ഡോളറായി (37,08,74,40,00,000.00 ഇന്ത്യൻ രൂപ) ഉയർത്തി. പുതിയ രാജ്യാന്തര പങ്കാളികളെക്കൂടി ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാർച്ചിൽ പ്രഖ്യാപിച്ച 20 ബില്യൺ ഡോളറിന്റെ പദ്ധതിയാണ് ഇപ്പോൾ വിപുലീകരിച്ചിരിക്കുന്നത്.

ഗൾഫ് മേഖലയിൽ സർവീസ് നടത്തുന്ന കപ്പലുകൾക്ക് യുദ്ധസാഹചര്യത്തിലുള്ള ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനായി യുഎസ് ഇന്റർനാഷണൽ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ (ഡിഎഫ്സി), യുഎസ് സെൻട്രൽ കമാൻഡ്, ട്രഷറി ഡിപ്പാർട്ട്‌മെന്റ് എന്നിവയുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. കപ്പലുകൾക്കും യന്ത്രസാമഗ്രികൾക്കും ചരക്കുകൾക്കും ഉണ്ടാകുന്ന നാശനഷ്ടങ്ങൾ പരിഹരിക്കാനാണ് തുടക്കത്തിൽ മുൻഗണന. ഇൻഷുറൻസ് ഭീമനായ ‘ചബ്ബ്’ ആണ് ഇതിന് നേതൃത്വം നൽകുന്നത്.

ഹോർമുസ് കടലിടുക്കിലൂടെ എണ്ണ, വാതകം, വളം തുടങ്ങിയവയുടെ നീക്കം സുഗമമാക്കാൻ ഈ ഇൻഷുറൻസ് പദ്ധതി സഹായിക്കുമെന്ന് ഡിഎഫ്‌സി ചീഫ് എക്സിക്യൂട്ടീവ് ബെൻ ബ്ലാക്ക് നേരത്തെ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. എന്നാൽ ആഴ്ചകൾ പിന്നിട്ടിട്ടും ഇതിന്റെ ഫലം പരിമിതമാണ്. മാർച്ച് 3ന് പദ്ധതി പ്രഖ്യാപിച്ചെങ്കിലും ഇതുവരെ പദ്ധതിയുടെ ആനുകൂല്യം ലഭിച്ച ഒരു കപ്പൽ പോലും കടലിടുക്ക് കടന്നതായി വ്യക്തമായ തെളിവുകളില്ല. ഫെബ്രുവരി 28ന് യുഎസ്-ഇസ്രയേൽ ആക്രമണത്തെത്തുടർന്ന് ജലപാത അടച്ചതോടെ, പ്രതിദിനം ശരാശരി 138 കപ്പലുകൾ സഞ്ചരിച്ചിരുന്ന പാതയിൽ ഇപ്പോൾ 90 ശതമാനത്തോളം കുറവുണ്ടായി. ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന ഏകദേശം 1,000 കപ്പലുകൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ 40 ബില്യൺ ഡോളറോ അതിലധികമോ ആയേക്കാമെന്നാണ് ഇൻഷുറൻസ് കമ്പനികളുടെ കണക്കുകൂട്ടൽ. ഇതിനെത്തുടർന്നാണ് ഇൻഷുറൻസ് തുക ഉയർത്താൻ അമേരിക്ക തീരുമാനിച്ചത്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ബ്രിട്ടന്റെ നേതൃത്വത്തിൽ 40-ലധികം അമേരിക്കൻ സഖ്യകക്ഷികൾ യോഗം ചേർന്നിരുന്നു. ഇറാനുമായുള്ള നയതന്ത്ര ചർച്ചകളും, ജലപാത അടച്ചിടുകയാണെങ്കിൽ ഏർപ്പെടുത്തേണ്ട ഉപരോധങ്ങളും യോഗം വിലയിരുത്തി.