ന്യൂഡൽഹി∙ അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂചലനത്തെത്തുടർന്ന് ഡൽഹിയിലും ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ജർമൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് നൽകുന്ന വിവരങ്ങൾ അനുസരിച്ച് അഫ്ഗാനിസ്ഥാൻ-താജിക്കിസ്ഥാൻ അതിർത്തി മേഖലയിലും ഹിന്ദുക്കുഷ് മേഖലയിലുമാണ് 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.
ഭൂമിക്കടിയിൽ ഏകദേശം 177 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് കരുതപ്പെടുന്നു. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഡൽഹി-എൻസിആർ മേഖലയിലുള്ളവർക്ക് നേരിയ കുലുക്കം അനുഭവപ്പെട്ടു. മുൻകരുതൽ എന്ന നിലയിൽ ചിലർ വീടുകളിൽ നിന്നും ഓഫിസുകളിൽ നിന്നും പുറത്തിറങ്ങി. പഞ്ചാബ്, ഹരിയാന ഉൾപ്പെടെയുള്ള ഉത്തരേന്ത്യയുടെ മറ്റ് ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. രാത്രി 9:46 ഓടെ അനുഭവപ്പെട്ട കുലുക്കം ഏതാനും സെക്കൻഡുകൾ മാത്രമാണ് നീണ്ടുനിന്നത്.
