രാഷ്ട്രീയ ജീവിതത്തോട് സന്തോഷത്തോടെയും സമാധാനത്തോടെയും വിടപറയുന്നുവെന്ന് മുൻ പാലക്കാട് നഗരസഭാ അധ്യക്ഷ പ്രിയ അജയൻ
പാലക്കാട്: രാഷ്ട്രീയ ജീവിതത്തോട് സന്തോഷത്തോടെയും സമാധാനത്തോടെയും വിടപറയുന്നുവെന്ന് മുൻ പാലക്കാട് നഗരസഭാ അധ്യക്ഷ പ്രിയ അജയൻ. ബിജെപി നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രിയ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. രാഷ്ട്രീയ രംഗത്തെ കയറ്റിറക്കങ്ങളും, ആരെ വിശ്വസിക്കണം, ആരെ സൂക്ഷിക്കണം എന്നുള്ള കയ്പേറിയ പാഠങ്ങളും ഈ കാലയളവിൽ പഠിച്ചു. സ്വന്തം ആളുകളുടെ പോലും പ്രവചനാതീതമായ നീക്കങ്ങൾ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന പരോക്ഷ വിമർശനമാണ് ബിജെപി നേതൃത്വത്തെ പ്രിയ അജയൻ പരോക്ഷമായി വിമർശിച്ചിരിക്കുന്നത്. കൗൺസിലർ എന്ന നിലയിലുള്ള അഞ്ച് വർഷത്തെ ഔദ്യോഗിക ജീവിതത്തിന് ഇന്ന് തിരശ്ശീല വീഴുകയാണ് എന്ന് പറഞ്ഞാണ് പ്രിയ കുറിപ്പ് ആരംഭിച്ചിരിക്കുന്നത്. ‘ആദ്യത്തെ മൂന്നു വർഷം പാലക്കാട് നഗരസഭ ചെയർപേഴ്സൺ എന്ന നിലയിലും, തുടർന്ന് കൗൺസിലറായും സേവനം ചെയ്യാൻ കഴിഞ്ഞത് എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണെന്നും പ്രിയ വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയം നോക്കാതെ സഹായം തേടി വന്ന എല്ലാവർക്കും വേണ്ടി പ്രവർത്തിക്കാൻ സാധിച്ചു . അതിലൂടെ ജനങ്ങളുടെ മനസ്സിൽ ഒരു നല്ല സ്ഥാനം നേടാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ടെ’ന്നും കുറിപ്പിൽ പ്രിയ വ്യക്തമാക്കിയിട്ടുണ്ട്.
