അഖിൽ സി.വർഗീസ്
കോട്ടയം: അമ്മയുടെ അക്കൗണ്ടിലേക്ക് അനധികൃതമായി പെൻഷൻതുക അയച്ച് കോട്ടയം നഗരസഭാ മുൻജീവനക്കാരൻ മൂന്ന് കോടി രൂപ തട്ടിയ സംഭവത്തിൽ അന്വേഷണം വിജിലൻസ് ഏറ്റെടുത്തേക്കും. അഴിമതി നിരോധന നിയമ പ്രകാരമാകും നടപടി. പോലീസ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകും. കോട്ടയം ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാകും അന്വേഷണം.
കോട്ടയം നഗരസഭയിലെ മുൻജീവനക്കാരനും നിലവിൽ വൈക്കം നഗരസഭാ ഉദ്യോഗസ്ഥനുമായ അഖിൽ സി.വർഗീസ് എന്ന ക്ലാർക്കിന്റെ സാമ്പത്തിക തട്ടിപ്പാണ് പുറത്തുവന്നിരിക്കുന്നത്. അഖിൽ ഇടത് യൂണിയൻ അംഗമാണെന്നാണ് കോൺഗ്രസ് ആരോപണം. എൽ.ഡി.എഫും ബി.ജെ.പിയും കോട്ടയം നഗരസഭയിൽ പ്രതിഷേധിച്ചു. അഖിൽ ഒളിവിലാണ്.

എൽഡിഎഫും ബിജെപിയും നടത്തിയ പ്രതിഷേധം
വാർഷിക സാന്പത്തിക പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. കോട്ടയം നഗരസഭയിൽ ജോലിചെയ്തിരുന്ന സമയത്ത് പെൻഷൻ വിഭാഗം കൈകാര്യം ചെയ്തിരുന്ന കാലം മുതൽ അഖിൽ നടത്തിയ പണമിടപാടിൽ മൂന്നുകോടി രൂപയ്ക്ക് മുകളിൽ തട്ടിപ്പുണ്ടായെന്ന കണ്ടെത്തെലിനെത്തുടർന്നാണ് നഗരസഭാ സെക്രട്ടറി പോലീസിൽ പരാതി നൽകിയത്.
പ്രതി വിദേശത്തേക്ക് പോകാൻ സാധ്യതയുള്ളതിനാൽ അടിയന്തരമായി പാസ്പോർട്ട് മരവിപ്പിക്കുന്നതിനും ആളെ കണ്ടെത്തി തുക വീണ്ടെടുക്കുന്നതിനുമുള്ള നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സാധാരണ വാർഷിക സാന്പത്തിക പരിശോധനയിൽ ചില അപാകം കണ്ടതിനെ തുടർന്നാണ് വിശദമായ വിലയിരുത്തലിലേക്ക് കടന്നത്.നഗരസഭയിൽനിന്ന് വിരമിച്ചവരുടെ ബാങ്ക് അക്കൗണ്ടിൽ ചില അപാകം ഉള്ളതായി പ്രാഥമികറിപ്പോർട്ട് വന്നിരുന്നു.
2020 മുതൽ അഖിൽ സി.വർഗീസ് പെൻഷൻ വിഭാഗം കൈകാര്യം ചെയ്തിരുന്നതുമുതലാണ് സാമ്പത്തിക തിരിമറി നടത്തിയതെന്നാണ് കണ്ടെത്തൽ. നിലവിൽ പെൻഷൻ അർഹതയില്ലാത്ത പി. ശ്യാമളയുടെ പേരിലുള്ള 20114143952 (ഐ.എഫ്.എസ്.സി SBIN0000903) അക്കൗണ്ടിലേക്ക് അനധികൃതമായി പെൻഷൻ തുക അയച്ചതായാണ് കണ്ടെത്തിയത്.
