തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ച കടുവ

തിരുവനന്തപുരം: വയനാട് കേണിച്ചിറയിൽനിന്ന് വനംവകുപ്പ് പിടികൂടിയ കടുവയെ തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചു. കുപ്പാടിയിൽ വനംവകുപ്പിന്റെ കടുവ പുനരധിവാസ കേന്ദ്രമുണ്ടെങ്കിലും കൂടുതൽ ആരോഗ്യ പരിശോധനകൾക്കും ചികിത്സയ്ക്കുമായാണ് കടുവയെ മൃഗശാല ആശുപത്രിയിൽ എത്തിച്ചത്.

കഴിഞ്ഞമാസം 23-നാണ് സൗത്ത് വയനാട് ഫോറെസ്റ്റ് സബ് ഡിവിഷന്റെ കീഴിലുള്ള കേണിച്ചിറ ഭാഗത്തുനിന്ന് പത്ത് വയസ്സ് പ്രായമുള്ള ആൺ കടുവയെ പിടികൂടിയത്. ജനവാസ മേഖലയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയതോടെ കെണിവെച്ച് പിടികൂടുകയായിരുന്നു.

പ്രത്യേകം സജ്ജമാക്കിയ ക്വാറന്റൈൻ കൂട്ടിലാണ് ഇപ്പോൾ കടുവയെ പാർപ്പിച്ചിരിക്കുന്നത്. 21 ദിവസത്തെ ക്വാറന്റൈൻ വിജയകരമായി പൂർത്തിയാക്കിയാൽ കടുവയെ സാധാരണ കൂട്ടിലേക്ക് മാറ്റും. ശരീരത്തിൽ പല ഭാഗങ്ങളിലായി കാണപ്പെടുന്ന മുറിവുകൾ മറ്റേതെങ്കിലും കടുവയുടെ ആക്രമണത്തിൽ സംഭവിച്ചതാകാമെന്നാണ് കരുതുന്നത്. പ്രാഥമിക പരിശോധനയിൽ കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ല. എന്നാൽ, ക്വാറന്റൈൻ കാലയളവിൽ വിശദമായ പരിശോധനകൾ നടത്തിയ ശേഷമേ ആരോഗ്യസ്ഥിതി പൂർണമായി വിലയിരുത്താൻ സാധിക്കുകയുള്ളൂവെന്ന് മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ അറിയിച്ചു.

നിലവിൽ തിരുവനന്തപുരം മൃഗശാലയിൽ രണ്ട് ബംഗാൾ കടുവകളും രണ്ട് വെള്ളക്കടുവകളും ആണുള്ളത്. ഇതിൽ ബബിത എന്നു പേരുള്ള പെൺകടുവയെ മാർച്ച് ഇരുപത്തിരണ്ടിന് വയനാട്ടിൽനിന്ന് കൊണ്ടുവന്നതാണ്. ഇപ്പോൾ ഇവിടെയെത്തിച്ച ആൺ കടുവ ഉൾപ്പെടെ മൃഗശാലയിൽ ആകെ അഞ്ച് കടുവകളാണുള്ളത്.