പച്ചാളത്ത് റെയിൽവേ ട്രാക്കിലേക്ക് മരം വീണ നിലയിൽ
കൊച്ചി: എറണാകുളം പച്ചാളത്ത് റെയിൽവേ ട്രാക്കിലേക്ക് വൻമരം വീണ് റെയിൽ ഗതാഗതം തടസ്സപ്പെട്ടു. എറണാകുളം-തൃശ്ശൂർ പാതയിൽ ലൂർദ് ആശുപത്രിക്ക് സമീപത്തെ ട്രാക്കിലാണ് മരം വീണത്. മരം വൈദ്യുതി ലൈനിലേക്ക് വീണതിനാൽ വലിയ ശബ്ദവും തീപ്പൊരിയുമുണ്ടായി. തലനാരിഴക്കാണ് വൻ അപകടം ഒഴിവായത്.
ബസും മറ്റ് വാഹനങ്ങളും കടന്നുപോകുന്ന പാതയിലേക്കുകൂടിയാണ് മരം വീണത്. സംഭവസമയം ട്രെയിനോ വാഹനങ്ങളോ കടന്നുപോയിരുന്നെങ്കിൽ വലിയൊരു ദുരന്തം സംഭവിക്കുമായിരുന്നു.
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് സംഭവം ഫയർഫോഴ്സിലും പോലീസിലും അറിയിച്ചത്. മരത്തിൽനിന്ന് പുകയും തീയും ഉയരുന്നുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. വൈദ്യുതിബന്ധം വിച്ഛേദിച്ച് മരം മുറിച്ചുമാറ്റുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
