കെ. സുധാകരൻ, കെ. മുരളീധരൻ

കണ്ണൂര്‍: വേണ്ടിവന്നാല്‍ കെ. മുരളീധരന് കെ.പി.സി.സി. അധ്യക്ഷസ്ഥാനവും നല്‍കാന്‍ തയ്യാറാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍. മുരളീധരനെ വയനാട്ടില്‍ മത്സരിപ്പിക്കുന്നതില്‍ തടസ്സമൊന്നുമില്ല. ഏത് പദവിക്കും അദ്ദേഹം യോഗ്യനാണെന്നും കെ. സുധാകരന്‍ കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘വയനാട്ടില്‍ മുരളീധരനെ മത്സരിപ്പിക്കാന്‍ തടസ്സമൊന്നുമില്ല. പാര്‍ട്ടിയാണ് തീരുമാനം എടുക്കേണ്ടത്. എവിടെയും മത്സരിപ്പിക്കാന്‍ അദ്ദേഹം യോഗ്യനാണ്. രാഹുല്‍ ഗാന്ധിയുടെ തീരുമാനം വരാതെ വയനാടിനെക്കുറിച്ച് ആലോചിക്കാന്‍ പറ്റില്ല’, സുധാകരന്‍ പറഞ്ഞു.

ഏത് പ്രശ്‌നത്തേയും അഭിമുഖീകരിക്കാന്‍ കഴിയുന്ന സാഹചര്യം ഇന്ന് കോണ്‍ഗ്രസിലുണ്ട്. പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയെ പാര്‍ട്ടിയാണ് തീരുമാനിക്കുക. കെ. സുധാകരന് ഒറ്റയ്ക്ക് തീരുമാനിക്കാന്‍ പറ്റില്ല. രമ്യ ഹരിദാസന്റെ പരാജയത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കാത്തവര്‍ കോണ്‍ഗ്രസില്‍ ഉണ്ടാവില്ല. തൃശ്ശൂരിലെ പരാജയത്തില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ നടപടിയുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഏത് പോസ്റ്റിനും യോഗ്യനാണ് കെ. മുരളീധരന്‍. വേണ്ടിവന്നാല്‍ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനവും കൊടുക്കും. അതില്‍ ഒരു തര്‍ക്കവുമില്ല. അദ്ദേഹത്തിന് കെ.പി.സി.സി. പ്രസിഡന്റ് ആയിക്കൂടെ? നേരത്തെ ആയിട്ടില്ലേ?’, സുധാകരന്‍ ചോദിച്ചു.