നരേന്ദ്ര മോദി, സുരേഷ് ഗോപി
ന്യൂഡല്‍ഹി: 240 സീറ്റില്‍ ജയിച്ച ബി.ജെ.പി. തന്നെയാകും ആഭ്യന്തരം, വിദേശകാര്യം, പ്രതിരോധം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ കൈവശം വെക്കുക. അമിത് ഷാ, എസ്. ജയ്ശങ്കര്‍, രാജ്നാഥ് സിങ് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ മന്ത്രിമാരായി തുടരും. കേരളത്തില്‍ ആദ്യമായി ബി.ജെ.പി.ക്ക് അക്കൗണ്ട് തുറന്ന സുരേഷ് ഗോപിയെ മന്ത്രിസ്ഥാനത്തിന് പരിഗണിക്കാതിരിക്കില്ല.
വി. മുരളീധരന്റെ രാജ്യസഭാംഗത്വം അവസാനിച്ചതിനാലും ലോക്സഭയിലേക്ക് ആറ്റിങ്ങലില്‍ പരാജയപ്പെട്ടതിനാലും അദ്ദേഹത്തെ ഉടന്‍ മന്ത്രിയാക്കാനിടയില്ല. തിരുവനന്തപുരത്ത് മികച്ച പോരാട്ടം കാഴ്ചവെച്ച രാജീവ് ചന്ദ്രശേഖറിന് സുപ്രധാന വകുപ്പുകള്‍ ലഭിക്കാനാണ് സാധ്യത.
പദവികള്‍ ചോദിച്ച്‌സഖ്യകക്ഷികള്‍
ന്യൂഡല്‍ഹി: ബി.ജെ.പി.ക്കുമാത്രമായി കേവലഭൂരിപക്ഷമില്ലാതെ രൂപവത്കരിക്കാനൊരുങ്ങുന്ന മൂന്നാം മോദി സര്‍ക്കാരില്‍ സ്പീക്കറും മന്ത്രിമാരുമുള്‍പ്പെടെ പല സുപ്രധാന പദവികളിലും സഖ്യകക്ഷികള്‍ ഇടംപിടിക്കും. പതിനാറ് സീറ്റുള്ള ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി.യും 12 സീറ്റുള്ള നിതീഷ് കുമാറിന്റെ ജെ.ഡി.യു.വുമായിരിക്കും വിലപേശലില്‍ മുന്നിലുണ്ടാവുക . ഇതോടൊപ്പം 15 സഖ്യകക്ഷികളും സ്ഥാനമാനങ്ങള്‍ ആവശ്യപ്പെടുന്നതില്‍ പിന്നാക്കം നില്‍ക്കില്ല.
ഏറ്റവും വലിയ സഖ്യകക്ഷിയായ ടി.ഡി.പി. മന്ത്രിസ്ഥാനങ്ങള്‍ക്കു പുറമേ സ്പീക്കര്‍ പദവിയും ചോദിക്കുന്നുണ്ടെന്നാണ് സൂചന. അതിനു വഴങ്ങിയാല്‍ മോദി സര്‍ക്കാരില്‍ ആദ്യമായി ബി.ജെ.പി. ഇതര സ്പീക്കറുണ്ടാകും. കൂടാതെ കാബിനറ്റ് ഉള്‍പ്പെടെ മൂന്ന് മന്ത്രിസ്ഥാനമെങ്കിലും ടി.ഡി.പി.ക്കു നല്‍കേണ്ടിവരും. എപ്പോള്‍ വേണമെങ്കിലും മറുകണ്ടം ചാടാന്‍ മടികാണിക്കാത്ത ചരിത്രമുള്ള നിതീഷിനെ പിണക്കാതിരിക്കാനും ബി.ജെ.പി. ശ്രദ്ധിക്കും. രണ്ട് കാബിനറ്റ് ഉള്‍പ്പെടെ നാല് മന്ത്രിസ്ഥാനമാണ് ജെ.ഡി.യു. ചോദിക്കുന്നത്. ഒപ്പം നിതീഷിന്റെ മുഖ്യമന്ത്രിപദവിക്ക് തടസ്സമുണ്ടാകില്ലെന്ന ഉറപ്പും ചോദിക്കും.
ഏഴ് സീറ്റുള്ള ശിവസേന ഷിന്ദേ വിഭാഗം, അഞ്ച് സീറ്റുള്ള ചിരാഗ് പസ്വാന്റെ എല്‍.ജെ.പി. എന്നിവയാണ് കൂടുതല്‍ അവകാശമുന്നയിക്കാവുന്ന മറ്റ് കക്ഷികള്‍. ഒരു കാബിനറ്റ് ഉള്‍പ്പെടെ രണ്ട് മന്ത്രിസ്ഥാനമാണ് ചിരാഗ് ചോദിക്കുകയെന്നാണ് അനൗദ്യോഗികമായി അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്.
രണ്ട് സീറ്റ് വീതമുള്ള ജനസേനാ പാര്‍ട്ടി, ജനതാദള്‍ എസ്., രാഷ്ട്രീയ ലോക്ദള്‍ എന്നിവയ്ക്കും മന്ത്രിസ്ഥാനങ്ങള്‍ നല്‍കേണ്ടിവരുമെന്നുറപ്പാണ്. അതുകഴിഞ്ഞാല്‍ ഓരോ അംഗങ്ങള്‍ വീതമുള്ള എട്ട് പാര്‍ട്ടികളാണ് എന്‍.ഡി.എ.യില്‍ ഉള്ളത്. അവര്‍ ഓരോരുത്തരും മന്ത്രിപദം ചോദിക്കാതിരിക്കില്ല. അതില്‍ ബിഹാറിലെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചാ നേതാവ് ജിതന്‍ റാം മാഞ്ചി മന്ത്രിസ്ഥാനം ചോദിച്ചുകഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
ബിഹാറില്‍നിന്ന് ആറുമന്ത്രിമാര്‍ക്കുവരെ സാധ്യത
ന്യൂഡല്‍ഹി: നിതീഷ് കുമാറിന്റെ ജെ.ഡി.യു. ഉള്‍പ്പെടെ സംസ്ഥാനത്ത് ബി.ജെ.പി.യുടെ സഖ്യകക്ഷികള്‍ക്ക് 18 സീറ്റ് നേടാനായത് കേന്ദ്രഭരണത്തില്‍ ബിഹാറിന് നേട്ടമാകും. സംസ്ഥാനത്തെ മൂന്ന് സഖ്യകക്ഷികളില്‍നിന്നായി ആറുപേരെങ്കിലും മന്ത്രിമാരാവാനാണ് സാധ്യത.
നിലവില്‍ ബി.ജെ.പി. നേതാക്കളായ ഗിരിരാജ് സിങ്ങും ആര്‍.കെ. സിങ്ങും നിത്യാനന്ദ് റായിയുമാണ് ബിഹാറില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍. ബി.ജെ.പി.യില്‍ സമ്മര്‍ദംചെലുത്തി കേന്ദ്രത്തിലും സംസ്ഥാനത്തും തന്റെ സ്വാധീനം വര്‍ധിപ്പിക്കാന്‍ ഇതാണ് മികച്ച സമയമെന്ന് നിതീഷ് കണക്കുകൂട്ടുന്നു. രണ്ട് കാബിനറ്റ് ഉള്‍പ്പെടെ നാല് കേന്ദ്രമന്ത്രിസ്ഥാനം ജെ.ഡി.യു. ആവശ്യപ്പെടുമെന്നാണ് അറിയുന്നത്. തന്റെ മുഖ്യമന്ത്രിസ്ഥാനത്തിന് ബി.ജെ.പി.യില്‍നിന്ന് ഭീഷണിയുണ്ടാകില്ലെന്ന ഉറപ്പും നിതീഷ് വാങ്ങിക്കും.
മറ്റുസഖ്യകക്ഷികളായ ചിരാഗ് പസ്വാന്റെ എല്‍.ജെ.പി.യും (അഞ്ച്), ജിതന്‍ റാം മാഞ്ചിയുടെ എച്ച്.എ.എമ്മും (ഒന്ന്) മത്സരിച്ച മുഴുവന്‍ സീറ്റിലും ജയിച്ചു. മുന്‍ കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്റെ മകനായ ചിരാഗ് പസ്വാന്‍ മന്ത്രിസഭയിലെത്തുമെന്ന് ഉറപ്പാണ്. അതിനൊപ്പം ഒരു സഹമന്ത്രിസ്ഥാനംകൂടി ചിരാഗ് ചോദിക്കുന്നുണ്ട്. ആദ്യമായി ലോക്‌സഭയിലെത്തുന്ന, മുന്‍ മുഖ്യമന്ത്രികൂടിയായ ജിതന്‍ റാം മാഞ്ചിക്കും മന്ത്രിസ്ഥാനം ഏതാണ്ടുറപ്പാണ്.
ബിഹാറില്‍ ബി.ജെ.പി.യെക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ചത് ജെ.ഡി.യു. ആണ്. ബി.ജെ.പി. 17 സീറ്റില്‍ മത്സരിച്ചു, 12 സീറ്റു നേടി. 16 ഇടത്ത് പോരാടിയാണ് ജെ.ഡി.യു. 12 മണ്ഡലങ്ങളില്‍ ജയിച്ചത്.
