പ്രജ്വൽ രേവണ്ണയ്ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളിൽനിന്ന് | Photo : PTI

ബെംഗളൂരു: അശ്ലീല വീഡിയോ വിവാദത്തെ തുടര്‍ന്ന് രാജ്യംവിട്ട പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരേ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) ഒരുങ്ങുന്നു. കര്‍ണാടകയില്‍ രണ്ട് ഘട്ടങ്ങളായി നടക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഏപ്രില്‍ 26 ന് തിരഞ്ഞെടുപ്പ് നടന്ന ഹാസന്‍ മണ്ഡലത്തില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി ജനവിധി തേടുന്ന പ്രജ്വല്‍ നിലവില്‍ മണ്ഡലത്തില്‍നിന്നുള്ള പാര്‍ലമെന്റംഗമാണ്.

തിരഞ്ഞെടുപ്പ് നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് പ്രജ്വലിനെതിരേയുള്ള ലൈംഗികാതിക്രമദൃശ്യങ്ങള്‍ പ്രചരിച്ചത്. ഏകദേശം മൂവായിരത്തോളം അശ്ലീലദൃശ്യങ്ങള്‍ പ്രജ്വലിന്റേതായുണ്ടെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ ദൃശ്യങ്ങളില്‍ ഉള്‍പ്പെട്ടതായുമാണ് വിവരം. അശ്ലീലദൃശ്യങ്ങള്‍ പുറത്തുവന്നതിനുപിന്നാലെ പ്രജ്വല്‍ ജര്‍മനിയിലേക്ക് കടന്നു. പ്രജ്വലിനെതിരേ അന്വേഷണസംഘം ലുക്ക് ഔട്ട്‌ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു.

ലൈംഗികാതിക്രമം നേരിട്ട സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രജ്വലിന്റെ പിതാവും നിലവില്‍ എംഎല്‍എയുമായ എച്ച്.ഡി. രേവണ്ണയെ ശനിയാഴ്ച അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിരുന്നു. രേവണ്ണയെ കസ്റ്റഡിലെടുത്തതിനെ തുടര്‍ന്ന് പ്രജ്വല്‍ ഞായറാഴ്ച നാട്ടില്‍ തിരിച്ചെത്താന്‍ സാധ്യതയുണ്ടെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അന്വേഷണസംഘത്തിന് മുന്നില്‍ പ്രജ്വല്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് സിബിഐ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രത്യേക അന്വേഷണസംഘം സൂചന നല്‍കിയതായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മാധ്യമങ്ങളെ അറിയിച്ചു.

ബ്ലൂ കോര്‍ണര്‍ നോട്ടീസ് പ്രജ്വലിനെ നാട്ടില്‍ തിരിച്ചെത്തിക്കുമോ / എന്താണ് ബ്ലൂ കോര്‍ണര്‍ നോട്ടീസ്?

ഇന്റര്‍പോള്‍ അഥവാ അന്താരാഷ്ട്ര പോലീസ് സംഘടനയുടെ കളര്‍-കോഡഡ് നോട്ടീസുകള്‍ ( colour-coded notices)

പിടികിട്ടാപ്പുള്ളികളെ കുറിച്ചോ കുറ്റകൃത്യങ്ങളെ കുറിച്ചോ രാജ്യങ്ങള്‍ക്ക് ലോകവ്യാപകമായി മുന്നറിയിപ്പോ അഭ്യര്‍ഥനകളോ പങ്കുവെക്കാനുള്ള കളര്‍-കോഡഡ് നോട്ടീസുകള്‍ എന്ന ഇന്റര്‍പോളിന്റെ വിശാലമായ സംവിധാനത്തിന്റെ ഒരു വിഭാഗമാണ് ബ്ലൂ നോട്ടീസ് അഥവാ ബ്ലൂ കോര്‍ണര്‍ നോട്ടീസ് (Blue Corner Notice) എന്നാണ് ഇന്റര്‍പോളിന്റെ വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കുന്ന വിവരം. അന്താരാഷ്ട്രതലത്തിലേക്കെത്തുന്ന കുറ്റകൃത്യങ്ങളെ സംബന്ധിച്ച് ഇത്തരത്തിലുള്ള വിവരകൈമാറ്റങ്ങള്‍ പ്രധാനമാണ്.

ബ്ലൂ കോര്‍ണര്‍ നോട്ടീസുള്‍പ്പെടെ ഏഴ് തരത്തിലുള്ള നോട്ടീസുകളും ഒരു സ്‌പെഷ്യല്‍ നോട്ടീസുമാണ് നിലവിലുള്ളത്. പ്രധാന്യമനുസരിച്ച് നോട്ടീസുകളുടെ നിറത്തില്‍ വ്യത്യാസം വരും. റെഡ് നോട്ടീസ്, യെല്ലോ നോട്ടീസ്, ബ്ലൂ നോട്ടീസ്, ബ്ലാക് നോട്ടീസ്, ഗ്രീന്‍ നോട്ടീസ്, ഓറഞ്ച് നോട്ടീസ്, പര്‍പിള്‍ നോട്ടീസ് എന്നിങ്ങനെയാണ് നോട്ടീസുകള്‍. ഐക്യരാഷ്ട്രസംഘടനയുടെ സുരക്ഷാസമിതിയുടെ ആവശ്യപ്രകാരം പുറപ്പെടുവിക്കുന്നതാണ് സ്‌പെഷ്യല്‍ നോട്ടീസ്. ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, അറബി എന്നീ നാല് ഭാഷകളില്‍ ഏതെങ്കിലും ഒന്നിലാണ് ഇന്റര്‍പോള്‍ നോട്ടീസ് പുറത്തിറക്കുന്നത്.

റെഡ് നോട്ടീസ്: വിചാരണയ്‌ക്കോ ശിക്ഷ നടപ്പിലാക്കുന്നതിനോ വേണ്ടി കുറ്റവാളികളെ കണ്ടെത്തുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും വേണ്ടി പുറപ്പെടുവിക്കുന്നതാണ് റെഡ് നോട്ടീസ്.

യെല്ലോ നോട്ടീസ്: കാണാതായ വ്യക്തികളെ-കുട്ടികള്‍ ഉള്‍പ്പെടെ-കണ്ടെത്താന്‍, സ്വന്തം വ്യക്തിവിവരങ്ങള്‍ അറിയാത്തവരെ അതുകണ്ടെത്തുന്നതിന് സഹായിക്കുക തുടങ്ങിയവയ്ക്ക് വേണ്ടിയാണ് യെല്ലോ നോട്ടീസ് ഉപയോഗപ്പെടുത്തുന്നത്.

ബ്ലാക് നോട്ടീസ്: തിരിച്ചറിയാനാകാത്ത മൃതശരീരങ്ങളുടെ വിവരങ്ങള്‍ തേടി പുറപ്പെടുവിക്കുന്നതാണ് ബ്ലാക് നോട്ടീസ്.

ഗ്രീന്‍ നോട്ടീസ്: പൊതുജനസുരക്ഷയ്ക്ക് ഭീഷണിയാകുന്ന വിധത്തിലുള്ള ഒരു വ്യക്തിയുടെ കുറ്റകരമായ പ്രവര്‍ത്തനങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതാണ് ഗ്രീന്‍ നോട്ടീസ്.

ഓറഞ്ച് നോട്ടീസ്: പൊതുജനസുരക്ഷയ്ക്ക് ഗുരുതരഭീഷണിയുണ്ടാക്കിയേക്കാവുന്ന സംഭവത്തേക്കുറിച്ചോ വ്യക്തിയേക്കുറിച്ചോ വസ്തുവിനേക്കുറിച്ചോ മുന്നറിയിപ്പ് നല്‍കാനായി പുറപ്പെടുവിക്കുന്ന നോട്ടീസാണിത്.

പര്‍പിള്‍ നോട്ടീസ്: കുറ്റവാളികളുടെ പ്രവര്‍ത്തനരീതി, അവര്‍ ഉപയോഗപ്പെടുത്തുന്ന വസ്തുക്കള്‍, ഉപകരണങ്ങള്‍, കുറ്റകൃത്യം ഒളിപ്പിക്കുന്നതിനായി സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ തേടുകയോ പങ്കുവെക്കുകയോ ചെയ്യുന്നതിനുള്ളതാണ് പര്‍പിള്‍ നോട്ടീസ്.

പ്രജ്വലിന്റെ വിഷയത്തില്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസിനുള്ള പ്രസക്തി?

പ്രജ്വലുമായി ബന്ധപ്പെട്ടുള്ള കേസില്‍ തുടരന്വേഷണം വേഗത്തിലാക്കാന്‍ സഹായിക്കുന്നതിനാണ്‌ സിബിഐ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നത്. ഒരു വ്യക്തിയെ സംബന്ധിച്ചുള്ള വിവരനിര്‍ണയത്തിനോ പ്രസ്തുത വ്യക്തിയുടെ ക്രിമിനല്‍ പശ്ചാത്തലം മനസിലാക്കുന്നതിനോ കാണാതായ വ്യക്തിയെ കണ്ടെത്തുന്നതിനോ അന്താരാഷ്ട്ര കുറ്റവാളിയെ തിരിച്ചറിയുന്നതിനോ നിയമലംഘനം നടത്തി കടന്ന വ്യക്തിയെ പിടികൂടുന്നതിനോ ആ വ്യക്തിയെ മറ്റൊരു രാജ്യത്ത് നിന്ന് വിട്ടികിട്ടുന്നതിനോ വേണ്ടി പുറപ്പെടുവിക്കുന്നതാണ് ബി സീരീസ്(ബ്ലൂ) നോട്ടീസ് എന്നാണ് സിബിഐയുടെ വെബ്‌സൈറ്റില്‍ ഈ നോട്ടീസിന് നല്‍കിയിട്ടുള്ള വ്യാഖ്യാനം.

സാധാരണയായി ഒരു വ്യക്തിയുടെ മേല്‍ കുറ്റം ചുമത്തുന്നതിന് തൊട്ടുമുമ്പോ കുറ്റം ചുമത്തിയതിന് ശേഷമോ ആണ് ബ്ലൂ നോട്ടീസ് പുറപ്പെടുവിക്കുന്നത്. അതേസമയം നാടുകടന്ന കുറ്റവാളിയുടെ അറസ്റ്റ് ആവശ്യപ്പെട്ട് പുറപ്പെടുവിക്കുന്നതാണ് റെഡ് നോട്ടീസ്.

തികച്ചും വിവേചനപരമാണ് ഇന്റര്‍പോളിന്റെ നോട്ടീസുകള്‍. ചില പ്രത്യേക സാഹചര്യങ്ങളൊഴികെ ഒരു തരത്തിലുള്ള നോട്ടീസ് പുറപ്പെടുവിക്കാനോ നോട്ടീസ് പുറപ്പെടുവിക്കാന്‍ ഏതെങ്കിലും രാജ്യത്തെ നിര്‍ബന്ധിക്കാനോ ഇന്റര്‍പോള്‍ മുതിരില്ല. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മുന്‍നിര്‍ത്തിയാണിത്. പ്രജ്വലിന്റെ വിഷയത്തില്‍ ഇന്ത്യയും ജര്‍മനിയും സഹകരിച്ച് അനുകൂലമായ തീരുമാനത്തിലെത്താനാണ് സാധ്യത.

2020ല്‍ നാടുവിട്ട ആള്‍ദൈവം നിത്യാനന്ദയ്‌ക്കെതിരേ ഇന്റര്‍പോള്‍ ബ്ലൂ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ബലാത്സംഗ- ലൈംഗികാതിക്രമ ആരോപണങ്ങളെ തുടര്‍ന്ന് 2019-ല്‍ നിത്യാനന്ദ ഇന്ത്യയില്‍നിന്ന് കടന്നതാണ് നോട്ടീസ് പുറപ്പെടുവിക്കാനുള്ള കാരണം.