പറന്ന് പന്ത് കൈയിലൊതുക്കുന്ന അലീന

തലശ്ശേരി: പറക്കും ക്യാച്ചെടുത്ത് അന്തർദേശീയ താരങ്ങളെപ്പോലും ഞെട്ടിച്ചിരിക്കുകയാണ് കേരള സീനിയർ ക്രിക്കറ്റ് താരം അലീന സുരേന്ദ്രൻ. വ്യാഴാഴ്ച തലശ്ശേരിയിൽനടന്ന കോടിയേരി ബാലകൃഷ്ണൻ സ്മാരക വനിതാ ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിലാണ് സാമൂഹികമാധ്യമങ്ങളിൽ വൈറലായ വണ്ടർ ക്യാച്ച് പിറന്നത്.

നെസ്റ്റ് കൺസ്ട്രഷൻസും ഓഫറി ക്ലബ്ബും തമ്മിൽനടന്ന മത്സരത്തിലെ 17-ാം ഓവറിൽ 10 മീറ്ററോളം ഓടിയശേഷമായിരുന്നു അലീനയുടെ പറക്കും ക്യാച്ച്. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, അഞ്ജലി സർവാനി, ആശ ശോഭന തുടങ്ങി ഒട്ടേറെയാളുകൾ ക്യാച്ചിന് അഭിനന്ദവുമായെത്തി. അലീന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ക്യാച്ച് വീഡിയോ രണ്ടുദിവസത്തിനിടെ ആറുലക്ഷത്തിലേറെ ആളുകൾ കണ്ടു. അലീനയുടെ ടീമായ നെസ്റ്റ് കൺസ്ട്രഷൻസ് കളയിൽ തോറ്റു, ‘‘ആ സമയത്ത് ഓഫറി ക്ലബ്ബിന് ജയിക്കാൻ വേണ്ടിയിരുന്നത് മൂന്ന് ഓവറിൽ മൂന്നുറൺമാത്രം. ആദ്യ മൂന്ന് പന്തിൽ റൺ ഒന്നും എടുക്കാനായില്ല. ഓവർ മെയ്ഡൻ ആക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. നാലാം പന്തിൽ ഉയർത്തിയടിച്ചപ്പോൾത്തന്നെ ക്യാച്ച് എടുക്കാൻ പറ്റുമെന്ന് തോന്നി. അതുകൊണ്ടാണ് ഡൈവ് ചെയ്തുനോക്കിയത്. വൈറലാകുമെന്ന് കരുതിയില്ല’’ -അലീന പറഞ്ഞു.

ഇടുക്കി അടിമാലി സ്വദേശിയായ അലീന ഇടംകൈ ബാറ്ററാണ്. ഐ.പി.എൽ. കളിക്കണമെന്നും അതുവഴി ഇന്ത്യൻ ടീമിലെത്തണമെന്നുമാണ് 23-കാരിയുടെ ആഗ്രഹം.