കാറിനടിയിൽ രക്തക്കറ കണ്ടതിനെ തുടർന്ന് പരിശോധനക്കെത്തിയ തിരുവല്ലം പോലീസിനൊപ്പം ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തുന്നു

തിരുവല്ലം (തിരുവനന്തപുരം): വീട്ടുവളപ്പിലെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാറിനടിയില്‍ രക്തക്കറയും മുന്‍വശത്തുളള ഗേറ്റില്‍ രക്തം പുരണ്ട വിരല്‍പ്പാടുകളും കണ്ടത് വീട്ടുകാരെ ആശങ്കയിലാക്കി. പൂങ്കുളം വാര്‍ഡില്‍ വെള്ളായണി കാര്‍ഷിക കോളേജിന് സമീപം കീഴൂര്‍ വിദ്യാഭവനില്‍ ഹരീന്ദ്രന്‍ നായരുടെ വീട്ടിലെ കാര്‍പോര്‍ച്ചില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം.

ഉറക്കമുണര്‍ന്ന ശേഷം കാര്‍ പോര്‍ച്ചില്‍ ഒരു ചെരിപ്പ് കണ്ടതോടെയാണ് ഹരീന്ദ്രന്‍ നായര്‍ പരിശോധന നടത്തിയത്. തുടര്‍ന്നായിരുന്നു കാറിന്റെ അടിഭാഗത്ത് രക്തക്കറയും ഗേറ്റില്‍ രക്തംപുരണ്ട വിരല്‍പ്പാടുകളും കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കണ്ടെത്തിയത് മനുഷ്യരക്തമാണെന്ന സംശയമുണ്ട്. ഇതിന് സമീപത്തുനിന്ന് ബ്ലേഡും ചെരുപ്പുകളില്‍ ഒരെണ്ണവും കണ്ടെത്തിയിട്ടുണ്ട്.

എസ്.ഐ.മാരായ ജി. ഉണ്ണിക്കൃഷ്ണന്‍, ആര്‍.ബിജു. ശ്രീകുമാര്‍, മോഹനചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് പരിശോധനയ്ക്കെത്തിയത്. തുടര്‍ന്ന് ഫൊറന്‍സിക്, ഡോഗ് സ്‌ക്വാഡ് എന്നിവരെ അറിയിക്കുകയായിരുന്നു. കാര്‍ പോര്‍ച്ചില്‍ കണ്ട ചെരുപ്പില്‍നിന്ന് മണം പിടിച്ച പോലീസ്‌നായ വീടിന്റെ വരാന്തയിലും തൊട്ടടുത്ത് താഴെ ഏകദേശം ഒരു കിലോമീറ്റര്‍ ദൂരമുള്ള വയല്‍ വരെ പോയി നിന്നു.