രൺബീർ കപൂറും അദ്ദേഹം സ്വന്തമാക്കിയ ബെന്റ്‌ലി കോണ്ടിനെന്റൽ ജി.ടിയും | Photo: AFP, Instagram
കോണ്ടിനെന്റല്‍ ജി.ടിയുടെ ടൂ ഡോര്‍ ഫോര്‍ സീറ്റര്‍ മോഡലാണ് രണ്‍ബീര്‍ സ്വന്തമാക്കിയിരിക്കുന്നത്
നാല് കോടിരൂപ വിലയുള്ള റേഞ്ച് റോവര്‍ എസ്.യു.വി. ഗ്യാരേജില്‍ എത്തിച്ച് മാസങ്ങള്‍ പിന്നിടും മുമ്പ് മറ്റൊരു അത്യാഡംബര വാഹനം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ രണ്‍ബീര്‍ കപൂര്‍. ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ ബെന്റ്‌ലിയുടെ കോണ്ടിനെന്റര്‍ ജി.ടി. എന്ന മോഡലാണ് അദ്ദേഹത്തിന്റെ ഗ്യാരേജില്‍ പുതുതായി എത്തിയിരിക്കുന്നത്. ആറ് കോടി രൂപയാണ് ഈ വാഹനത്തിന്റെ ഇന്ത്യയിലെ വില.
കോണ്ടിനെന്റല്‍ ജി.ടിയുടെ ടൂ ഡോര്‍ ഫോര്‍ സീറ്റര്‍ മോഡലാണ് രണ്‍ബീര്‍ സ്വന്തമാക്കിയിരിക്കുന്നത്. ബ്ലൂ സാഫയര്‍ ഫിനീഷിങ്ങിലാണ് ഈ വാഹനം ഒരുങ്ങിയിട്ടുള്ളത്. ബെന്റ്‌ലി വാഹനങ്ങളുടെ സിഗ്നേച്ചര്‍ ഗ്രില്ല്, എല്‍.ഇ.ഡിയില്‍ തീര്‍ത്തിരിക്കുന്ന ട്വിന്‍ ഹെഡ്‌ലാമ്പ് ഡിസൈന്‍, ബെന്റ്‌ലി ലോഗോ എന്നിവയാണ് മുഖത്തിന് ആഡംബരം പകരുന്നത്. ഓവല്‍ ഷേപ്പില്‍ നല്‍കിയിട്ടുള്ള എന്‍.ഇ.ഡി. ടെയ്ല്‍ലാമ്പ്, ബെന്റ്‌ലി ബാഡ്ജിങ്ങ്, രണ്ട് വശങ്ങളിലുമായി നല്‍കിയിട്ടുള്ള ട്വിന്‍ എക്‌സ്‌ഹോസ്റ്റ് എന്നിവയാണ് പിന്‍ഭാഗത്തുള്ളത്.
ബെന്റ്‌ലിയുടെ പരമ്പരാഗത ഭാവത്തിനൊപ്പം പുതുതലമുറ ഫീച്ചറുകളുമായാണ് കോണ്ടിനെന്റല്‍ ഒരുങ്ങിയിട്ടുള്ളത്. ലെതര്‍ ആവരണത്തില്‍ തീര്‍ത്ത ക്യാബിനില്‍ വെനീറും ചേര്‍ന്നാണ് ആഡംബരമേകുന്നത്. 16 ചാനല്‍ 1550 വാട്ട് ബാംഗ് ആന്‍ഡ് ഒലുഫ്‌സെന്‍ സറൗണ്ട് സൗണ്ട് സിസ്റ്റം, റോട്ടേറ്റ് ചെയ്യുന്നതിനൊപ്പം കസ്റ്റമൈസേഷന്‍ കൂടി സാധ്യമാകുന്ന ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വൈഫൈ ഹോട്ട് സ്‌പോട്ട് തുടങ്ങിയ സൗകര്യങ്ങളും അകത്തളത്തില്‍ നല്‍കുന്നുണ്ട്.
ആഡംബരത്തിനൊപ്പം കരുത്തനുമാണ് ഈ കോണ്ടിനെന്റല്‍ ജി.ടി. 4.0 ലിറ്റര്‍ വി8 പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 542 ബി.എച്ച്.പി. പവറും 770 എന്‍.എം. ടോര്‍ക്കുമാണ് എന്‍ജിന്റെ കരുത്ത്. കേവലം നാല് സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 318 കിലോമീറ്ററാണ്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനൊപ്പം ഓള്‍ വീല്‍ ഡ്രൈവ് സംവിധാനവും ഈ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.
അത്യാഡംബര വാഹനങ്ങളുടെ വലിയ ശേഖരം സ്വന്തമായുള്ള താരമാണ് രണ്‍ബീര്‍. അടുത്തിടെ സ്വന്തമാക്കിയ ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍, ഔഡ് എ8 ലോങ്ങ് വീല്‍ബേസ്, മെഴ്‌സിഡീസ് എ.എം.ജി.ജി63, ഔഡി ആര്‍8 തുടങ്ങിയ വാഹനങ്ങളാണ് അദ്ദേഹത്തിന്റെ ഗ്യാരേജിലെ ഏറ്റവും മികച്ച മോഡലുകള്‍.
