Photo: Whatsapp

രാജ്യവ്യാപകമായി ബുധനാഴ്ച വൈകീട്ട് വാട്‌സാപ്പ് തടസപ്പെട്ടു. വാട്‌സാപ്പിന്റെ വെബ്ബ് പതിപ്പും മൊബൈല്‍ വേര്‍ഷനും ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാന്‍ സാധിച്ചില്ല. രാത്രി 11.47 ന് ആരംഭിച്ച പ്രശ്‌നം രണ്ട് മണിക്കൂറിലേറെ സമയം നീണ്ടുനിന്നു. ഇതോടെ വാട്‌സാപ്പ് തടസപ്പെട്ടതായി അറിയിച്ച് നിരവധി എക്‌സ് ഉപഭോക്താക്കള്‍ രംഗത്തെത്തി. വാട്‌സാപ്പ് ഡൗണ്‍ എന്ന ഹാഷ്ടാഗ് രാത്രി ട്രെന്‍ഡിങ് ആയി.

വാട്‌സാപ്പും പ്രശ്‌നം സ്ഥിരീകരിച്ചു. ഡെല്‍ഹി, മുംബൈ, ബെംഗളുരു, കൊല്‍ക്കത്ത ഉള്‍പ്പടെ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തതായി ഡൗണ്‍ ഡിറ്റക്ടര്‍ വെബ്‌സൈറ്റിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നു.

വാട്‌സാപ്പ് വെബ്ബിലും ഇതേ അവസ്ഥയായിരുന്നു. സേവനം ലഭ്യമല്ലെന്ന അറിയിപ്പാണ് സ്‌ക്രീനില്‍ കാണിച്ചത്. ലാപ്‌ടോപ്പിലും ഡെസ്‌ക് ടോപ്പിലും വാട്‌ലാപ്പ് ഉപയോഗിക്കുന്നതിനുള്ള സൗകര്യമാണ് വാട്‌സാപ്പ് വെബ്ബ്. വിന്‍ഡോസിലും മാക്ക് ഒഎസിലും പ്രവര്‍ത്തിക്കുന്ന ബ്രൗസറുകളിലെല്ലാം തന്നെ വാട്‌സാപ്പ് വെബ്ബ് ലഭ്യമാണ്.

രാത്രി 12.25 ന് തന്നെ പ്രശ്‌നം സ്ഥിരീകരിച്ചുകൊണ്ട് വാട്‌സാപ്പ് എക്‌സില്‍ പോസ്റ്റ് പങ്കുവെച്ചു. പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചുവരികയാണെന്നും കമ്പനി വ്യക്തമാക്കി. പിന്നീട് മൂന്ന് മണിക്കൂറിന് ശേഷമാണ് പ്രശ്‌നം പരിഹരിച്ചതായി അറിയിച്ച് വാട്‌സാപ്പ് എക്‌സില്‍ പോസ്റ്റ് പങ്കുവെച്ചത്. എന്നാല്‍ സേവനം തടസപ്പെടാനുണ്ടായ കാരണം കമ്പനി വ്യക്തമാക്കിയില്ല.