Jensen Huang | Photo: AP
കുട്ടികളെ കോഡിങ് പഠിപ്പിക്കാതെ കൃഷി ചെയ്യാന്‍ പഠിപ്പിക്കൂ എന്ന് മുന്‍നിര ചിപ്പ് നിര്‍മാതാക്കളായ എന്‍വിഡിയയുടേ മേധാവി ജെന്‍സെന്‍ ഹുവാങ്. കഴിഞ്ഞയാഴ്ച ദുബായില്‍ നടന്ന വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഡിങ് ജോലികള്‍ക്ക് അന്ത്യമിടുമെന്ന് ആവര്‍ത്തിക്കുകയാണ് അദ്ദേഹം. എഐ അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. ടെക്ക് സെക്ടറിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കോഡിങ് നല്ലൊരു വഴിയായിരിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ആഗോള തലത്തില്‍ കോഡിങ് പരിശീലനങ്ങളും മറ്റും തകൃതിയായി നടക്കുന്നതിനിടെയാണ് ഹുവാങിന്റെ ഈ അഭിപ്രായപ്രകടനം.
ലാര്‍ജ് ലാംഗ്വേജ് മോഡലുകളുടെ വികസനം കോഡിങ് രംഗത്ത് ഇതിനകം തന്നെ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന സൂചന നല്‍കുന്നുണ്ട്. ഡെവിന്‍ എന്ന ലോകത്തെ ആദ്യ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ അവതരിപ്പിക്കപ്പെട്ടത് മാര്‍ച്ചിലാണ്. വെറും നിര്‍ദേശങ്ങള്‍ എഴുതി നല്‍കുന്നതിനുസരിച്ച് സോഫ്റ്റ് വെയറുകളും മറ്റ് പ്രോഗ്രാമുകളും തയ്യാറാക്കുന്നതിനുള്ള കോഡിങ് ചെയ്യാന്‍ എഐ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഈ രംഗത്ത് എഐ വികാസം പ്രാപിക്കുന്നതോടെ കോഡിങ്ങിനായി മനുഷ്യരുടെ പ്രയത്‌നം ആവശ്യമില്ലാതെ വരും.
പ്രോഗ്രാം ചെയ്യാന്‍ ഇനി ആരും വേണ്ടി വരില്ല. അതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുന്നത് ഞങ്ങളുടെ ജോലിയാണ്. മനുഷ്യനാണ് ഇനി പ്രോഗ്രാമിങ് ഭാഷ. ലോകത്തെ എല്ലാവരും പ്രോഗ്രാമര്‍മാരാണ്. അതാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാണിക്കുന്ന അദ്ഭുതം. ഹുവാങ് ദുബായില്‍ പറഞ്ഞു.
കോഡിങ് പഠിക്കാന്‍ ചിലവഴിക്കുന്ന സമയം കാര്‍ഷികം, ബയോളജി, നിര്‍മാണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ വൈദഗ്ദ്യത്തിനായി നിക്ഷേപിക്കൂവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എഐ കോഡിങ് എവിടെ ഉപയോഗിക്കണം എന്ന് നിശ്ചയിക്കാന്‍ മനുഷ്യരുടെ വൈദഗ്ദ്യം തുടര്‍ന്നും ആവശ്യമായിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എഐ എപ്പോള്‍ എങ്ങനെ ഉപയോഗിക്കണം എന്നറിയാന്‍ കഴിവുകള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കണം. മനുഷ്യന്റെ പ്രാദേശിക ഭാഷകളില്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് കോഡിങ് ചെയ്യാന്‍ സാധിക്കും വിധം നാച്വറല്‍ ലാംഗ്വേജ് പ്രൊസസിങ് വികസിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
