Photo: Yahoo, Artifact

ഇന്‍സ്റ്റാഗ്രാം സഹസ്ഥാപകരായ കെവിന്‍ സിസ്‌ട്രോമും മൈക്ക് ക്രീഗെറും ചേര്‍ന്ന് നിര്‍മിച്ച ന്യൂസ് അഗ്രഗേറ്റര്‍ സേവനമാണ് ആര്‍ട്ടിഫാക്ട്. എന്നാല്‍ ഏപ്രില്‍ രണ്ടിന് ആര്‍ട്ടിഫാക്ട് പ്രവര്‍ത്തനം അവസാനിപ്പിച്ചു. മുന്‍നിര ടെക്ക് ബ്രാന്‍ഡുകളിലൊന്നായ യാഹൂ ആര്‍ട്ടിഫാക്ടിനെ ഏറ്റെടുത്തു. ആര്‍ട്ടിഫാക്ട് ഇനി ഒരു പ്രത്യേക ആപ്പ് എന്ന നിലയില്‍ പ്രവര്‍ത്തിക്കില്ല. പകരം ആര്‍ട്ടിഫാക്ടിന്റെ എഐ അധിഷ്ടിത പേഴ്‌സണലൈസേഷന്‍ സാങ്കേതിക വിദ്യ യാഹൂ ന്യൂസ് പോലുള്ള കമ്പനിയുടെ ഉല്പന്നങ്ങളില്‍ തുടര്‍ന്ന് ഉപയോഗിക്കും.

2023 ജനുവരിയിലാണ് ആര്‍ട്ടിഫാക്ട് ആരംഭിച്ചത്. 2024 ജനുവരിയില്‍ തന്നെ ആര്‍ട്ടിഫാക്ട് സേവനം അവസാനിപ്പിക്കുകയാണെന്ന് സ്ഥാപകര്‍ അറിയിച്ചു. ആര്‍ട്ടിഫാക്ടിന്റെ വിപണി സാധ്യതകള്‍ പരിമിതമായതുകൊണ്ടാണ് സേവനം അവസാനിപ്പിക്കുന്നതെന്ന് സ്ഥാപകരായ സിസ്‌ട്രോമും ക്രീഗെറും പറയുന്നു. വലിയ നിക്ഷേപം നടത്താന്‍ മാത്രം വിപണി വലുതല്ലെന്നും ഇരുവരും ഒരു ബ്ലോഗ് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

വാര്‍ത്തകളുടെ മികച്ച രീതിയിലുള്ള വിതരണമാണ് ആര്‍ട്ടിഫാക്ട് ലക്ഷ്യമിട്ടത്. ഒരു വര്‍ഷത്തിനുള്ളിള്‍ എഐ ഉപയോഗിച്ച് വാര്‍ത്തകളുടെ സംഗ്രഹം തയ്യാറാക്കുന്ന ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. ഇത് കുടാതെ ട്വിറ്ററിന് സമാനമായ ഉള്ളടക്കം പോസ്റ്റ് ചെയ്യാനുള്ള സൗകര്യവും കമന്റ് ചെയ്യാനുള്ള സൗകര്യവും ലഭ്യമായിരുന്നു. എന്നാല്‍ ഈ ഫീച്ചറുകളില്‍ ചിലത് സജീവമായ മേല്‍നോട്ടം ആവശ്യമുള്ളതായിരുന്നു. എന്നാല്‍ എട്ട് പേര്‍ മാത്രമാണ് ആര്‍ട്ടിഫാക്ടിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചിരുന്നത്. അവര്‍ക്ക് അത് കൈകാര്യം ചെയ്യാന്‍ സാധിക്കുമായിരുന്നില്ല.

ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ക്കും വായനാ രീതികള്‍ക്കും അനുസരിച്ച് വാര്‍ത്തകളും മറ്റ് ലേഖനങ്ങളും നിര്‍ദേശിക്കുന്ന എഐ അല്‍ഗൊരിതമാണ് ആര്‍ട്ടിഫാക്ടിന് ഉണ്ടായിരുന്നത്. എന്നാല്‍ മികച്ച പ്രേക്ഷകരെ കണ്ടെത്താന്‍ ശേഷിയുള്ള ഈ ഫീച്ചറിന് ഉപഭോക്താക്കളുടെ എണ്ണക്കുറവ് മൂലം കാര്യമായ സ്വീകാര്യത നേടാനായില്ല.

ഈ സാങ്കേതിക വിദ്യയാണ് യാഹൂ ന്യൂസിന് ഇപ്പോള്‍ സ്വന്തമായിരിക്കുന്നത്. ഓണ്‍ലൈന്‍ വാര്‍ത്താ വിതരണ രംഗത്ത് നേരത്തെ തന്നെ തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയവരാണ് യാഹൂ. ലക്ഷക്കണക്കിന് ഉപഭോക്താക്കളും യാഹൂവിനുണ്ട്. അല്‍ഗൊരിതം ഉപയോഗിച്ചുള്ള വാര്‍ത്താ വിതരണം ആദ്യം ആരംഭിച്ച സേവനങ്ങളിലൊന്നാണ് യാഹൂ. ആര്‍ട്ടിഫാക്ടിന്റെ എഐ സാങ്കേതിക വിദ്യ യാഹൂവിന് പ്രയോജനം ചെയ്യും.