പ്രതീകാത്മകചിത്രം

കല്‍പറ്റ: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല മെന്‍സ് ഹോസ്റ്റലില്‍ ‘അലിഖിതനിയമം’ ഉണ്ടായിരുന്നെന്ന് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. കേസില്‍ പിടിയിലായ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കല്‍പറ്റ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ഒന്നുമുതല്‍ 18 വരെ പ്രതികള്‍ ജെ.എസ്. സിദ്ധാര്‍ഥനെ കോളേജ് വിദ്യാര്‍ഥികളുടെ മധ്യത്തില്‍വെച്ച് പൊതുവിചാരണ നടത്തി മര്‍ദിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

നിയമനടപടിയുമായി മുന്നോട്ടുപോയാല്‍ പോലീസ് കേസ് ആകുമെന്ന് പറഞ്ഞ് ഹോസ്റ്റലിലെ ‘അലിഖിത നിയമം’ അനുസരിച്ച് ഒത്തുതീര്‍പ്പാക്കാമെന്ന് പറഞ്ഞാണ് വീട്ടിലേക്ക് പോയ സിദ്ധാര്‍ഥനെ പ്രതികള്‍ വിളിച്ചുവരുത്തിയത്. സഹപാഠിയായ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു ഇത്. എറണാകുളത്ത് എത്തിയ സിദ്ധാര്‍ഥനെ 16-ന് രാവിലെ കോളേജില്‍ തിരിച്ചെത്തിച്ചു. രഹാന്റെ ഫോണില്‍നിന്ന് സിദ്ധാര്‍ഥനെ വിളിച്ചുവരുത്തിയത് ഡാനിഷ് ആയിരുന്നു. ഹോസ്റ്റല്‍ മുറിയില്‍ അന്യായതടങ്കലില്‍വെച്ചു. അന്ന് രാത്രി ഒമ്പതുമുതല്‍ കോളേജ് കാംപസിനകത്തെ വിവിധസ്ഥലങ്ങളിലും മെന്‍സ് ഹോസ്റ്റലിലെ 21-ാം മുറിയിലും ഹോസ്റ്റലിന്റെ നടുമുറ്റത്തുവെച്ചും മര്‍ദിച്ചു.

സിദ്ധാര്‍ഥനെ വിവസ്ത്രനാക്കി അടിവസ്ത്രം മാത്രം ധരിപ്പിച്ച് ബെല്‍റ്റുകൊണ്ടും കേബിള്‍ വയര്‍കൊണ്ടും കൈകൊണ്ടും അടിച്ചു. കാലുകൊണ്ട് തൊഴിച്ച് അതിക്രൂരമായി പീഡനത്തിനിരയാക്കി. 17-ന് പുലര്‍ച്ചെ രണ്ടുവരെ പൊതുമധ്യത്തില്‍ പരസ്യവിചാരണ നടത്തി. ഇതേത്തുടര്‍ന്ന് മരണമല്ലാതെ മറ്റൊരു മാര്‍ഗമില്ലാത്ത സാഹചര്യത്തിലേക്ക് സിദ്ധാര്‍ഥനെ എത്തിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.