തൃശൂർ ലൂർദ് കത്തീഡ്രൽ ദേവാലയത്തിൽ മാതാവിന്റെ രൂപത്തിൽ സ്വർണക്കിരീടം സമർപ്പിക്കുന്ന സുരേഷ് ഗോപിയും കുടുംബവും.
തൃശൂര്‍∙ നടനും തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയുമായ സുരേഷ് ഗോപി ലൂർദ് പള്ളിയിൽ സമർപ്പിച്ച കിരീടത്തിൽ എത്ര സ്വർണമുണ്ടെന്ന് അറിയണമെന്ന ആവശ്യവുമായി തൃശൂർ കോർപറേഷനിലെ കോൺഗ്രസ് കൗൺസിലർ രംഗത്ത്. ലൂർദ് ഇടവകാ പ്രതിനിധി യോഗത്തിലാണ് കോൺഗ്രസ് കൗൺസിലർ ലീല വർഗീസ് ഈ ആവശ്യം ഉന്നയിച്ചത്.
സ്വർണക്കിരീടം എന്ന പേരില്‍ ചെമ്പിൽ സ്വർണം പൂശി നല്‍കിയെന്ന ആക്ഷേപം ഉയർന്നതിനു പിന്നാലെയാണ് കോൺഗ്രസ് കൗൺസിലർ രംഗത്തുവന്നത്.
‘‘ലൂർദ് മാതാവിനു എത്രയോ പവന്റെ സ്വർണക്കിരീടം കിട്ടിയതായി അറിഞ്ഞു. ചെമ്പിൽ സ്വർണം പൂശിയതായാണ് ഇടവകയിൽ വരുന്ന പൊതുജനങ്ങൾ പറഞ്ഞറിയാൻ കഴിഞ്ഞത്. ഈ സാഹചര്യത്തിൽ കിരീടം എത്ര പവനാണെന്നറിയാൻ പൊതുജനങ്ങൾക്കു താൽപര്യമുണ്ടെന്ന് അച്ചനെ അറിയിച്ചിട്ടുണ്ട്.’’– ലീല വർഗീസ് പറഞ്ഞു.
