വിരാട് കോലി (Photo: ICC)

മുംബൈ∙ വിരാട് കോലിയെക്കുറിച്ച് മോശം കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ സിലക്ടർ ചേതൻ ശർമ. വിരാട് കോലി തന്റെ മകനെപ്പോലെയാണെന്നും ചേതൻ ശർമ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിന്റെ സ്റ്റിങ് ഓപ്പറേഷനിൽപെട്ടതോടെയാണ് ചേതൻ ശർമ ചീഫ് സിലക്ടര്‍ സ്ഥാനം രാജിവച്ചത്. സ്റ്റിങ് ഓപ്പറേഷനിൽ കോലി, സൗരവ് ഗാംഗുലി, രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ എന്നിവരെക്കുറിച്ചുള്ള ചേതൻ ശർമയുടെ വാക്കുകൾ വൻ ചർച്ചയായിരുന്നു.

‘‘വിരാട് കോലി എനിക്കു മകനെപ്പോലെയാണ്. പിന്നെന്തിനാണ് ഞാൻ അദ്ദേഹത്തെക്കുറിച്ചു മോശം കാര്യങ്ങൾ പറയുന്നത്. കോലിയുടെ നല്ലതിനു വേണ്ടിയാണ് ഞാൻ എപ്പോഴും പ്രാർഥിച്ചിരുന്നത്. കോലി ഇനിയും സെഞ്ചറികൾ നേടണമെന്നും രാജ്യാന്തര ക്രിക്കറ്റില്‍ നൂറു സെഞ്ചറികളെന്ന നേട്ടത്തിലെത്തണമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന്റെ മടങ്ങിവരവിനായി ഞാൻ കാത്തിരിക്കുകയാണ്.’’ – ചേതൻ ശർമ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

രോഹിത് ശര്‍മ ടീമിനു വേണ്ടി സ്വയം ത്യജിക്കുന്ന താരമാണെന്നും ചേതന്‍ ശർമ പ്രതികരിച്ചു. ‘‘ടീമിനായി സ്വയം ത്യജിക്കുന്നയാളാണു രോഹിത് ശർമ. അദ്ദേഹം മുന്നിൽനിന്ന് ഇന്ത്യയെ നയിച്ചു. ഓപ്പണർമാർ 10 ഓവറിൽ 80 റൺസൊക്കെ നേടിയാൽ മറ്റു ബാറ്റർമാർക്ക് സ്കോർ 300 ൽ എത്തിക്കാൻ സാധിക്കും. പിച്ചുകളും മറ്റു ചില കാരണങ്ങളുമുള്ളതിനാൽ കഴിഞ്ഞ ട്വന്റി20 ലോകകപ്പിൽ അദ്ദേഹത്തിനു പ്രതീക്ഷിച്ചതുപോലെ തിളങ്ങാനായിട്ടില്ല. പക്ഷേ ഏകദിന ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്തു.’’–ചേതൻ ശർമ വ്യക്തമാക്കി.