ആരാധകനെ കണ്ട് വാഹനം നിർത്തിയ സച്ചിൻ തെൻ‍ഡുൽക്കാർ, സച്ചിനെ കണ്ട് തൊഴുതു നിൽക്കുന്ന ആരാധകൻ. Photo: X@SachinTendulkar.

ന്യൂഡൽഹി∙ ‘തെൻഡുൽക്കർ’ ജഴ്സി ധരിച്ചു യാത്ര ചെയ്യുകയായിരുന്ന ആരാധകനെ കണ്ടതോടെ വാഹനം നിര്‍ത്തി സംസാരിച്ച് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. സച്ചിന്റെ പത്താം നമ്പർ ജഴ്സിയിൽ ‘ഐ മിസ് യു’ എന്നു കൂടി എഴുതിയിട്ടുണ്ട്. ആരാധകന്റെ കൂടെയുള്ള ദൃശ്യങ്ങൾ സച്ചിൻ തെൻഡുൽക്കർ തന്നെ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചിട്ടുണ്ട്. ഒരു സ്കൂട്ടറിൽ സച്ചിന്റെ ജഴ്സിയും ധരിച്ച് യാത്ര ചെയ്യുകയായിരുന്നു ആരാധകൻ.

‘തെൻഡുൽക്കറെ’ കണ്ടെന്നാണ് ഇതിഹാസ താരം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്. ‘‘എന്നോടുള്ള സ്നേഹം കാണുമ്പോൾ ഏറെ സന്തോഷം തോന്നുന്നു.’’– സച്ചിൻ തെൻഡുൽക്കർ വ്യക്തമാക്കി. ആരാധകന് ഓട്ടോഗ്രാഫും നൽകി സെൽഫിക്കു പോസ് ചെയ്ത ശേഷമാണ് സച്ചിൻ മടങ്ങിയത്.

ഇരുചക്ര വാഹനം ഓടിക്കുമ്പോൾ ഹെൽമറ്റ് ധരിച്ചതിന് യുവാവിനെ സച്ചിൻ അഭിനന്ദിക്കുകയും ചെയ്തു. ‘‘എന്റെ ദൈവത്തെ നേരിട്ടു കാണാനായതിൽ സന്തോഷമുണ്ട്’’– എന്നായിരുന്നു സച്ചിനെ കണ്ട ശേഷം ആരാധകന്റെ പ്രതികരണം. സച്ചിൻ പങ്കുവച്ച വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.