വിഷ്ണു

തൃശൂർ ∙ വീടു ജപ്തി ചെയ്യാൻ ബാങ്ക് അധികൃതരെത്തുന്നതിനു മണിക്കൂറുകൾ മുൻപു യുവാവ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ. കാഞ്ഞാണി ഈന്തക്കുന്ന് ചെമ്പൻ വിനയന്റെ മകൻ വിഷ്ണു (25) ആണു ജീവനൊടുക്കിയത്. ബാങ്കിൽനിന്ന് ഏതാനും വർഷം മുൻപെടുത്ത 8 ലക്ഷം രൂപയുടെ വായ്പയിൽ തിരിച്ചടവു മുടങ്ങി വിഷ്ണു കടക്കെണിയിലായിരുന്നു.

ബാർബർഷോപ്പ് നടത്തി ജീവിക്കുന്ന വിഷ്ണു ആകെ 8.60 ലക്ഷം രൂപ തിരിച്ചടച്ചെങ്കിലും പലിശയിനത്തിൽ 6 ലക്ഷം രൂപ കൂടി കുടിശികയുണ്ടായിരുന്നതായി പറയുന്നു. ഇന്നു രാവിലെ വീടു ജപ്തി ചെയ്യുമെന്നാണു ബാങ്കിൽനിന്നു കഴിഞ്ഞ ദിവസം അറിയിച്ചത്. ഇന്നലെ വൈകിട്ടോടെ വീട്ട‍ിലെ സാധനങ്ങളെല്ലാം വിഷ്ണു അന്തിക്കാട്ടെ സഹോദരന്റെ വീട്ടിലേക്കു മാറ്റി. ഇന്നു രാവിലെ 7 മണിയോടെയാണു ജീവനൊടുക്കിയതെന്നു കരുതുന്നു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക.

ഹെൽപ്‌ലൈൻ നമ്പർ – 1056, 0471- 2552056)