ചെ​ന്നൈ: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കാൻ അ‌നുവദിക്കില്ലെന്നും അ‌തിനായുള്ള കേരളത്തിന്റെ എല്ലാ ശ്രമങ്ങളെയും തടയുമെന്നും വിജയ് നേതൃത്വത്തിലുള്ള TVK സർക്കാർ. വിജയ് സർക്കാരിന്റെ ആദ്യ നിയമസഭാ സമ്മേളനത്തിന് തുടക്കം കുറിച്ച് ഇന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ഇടക്കാലത്തിന് ശേഷം മുല്ലപ്പെരിയാർ വിഷയം കേരളത്തിനും തമിഴ്നാടിനും ഇടയിൽ വീണ്ടും തർക്കവിഷയമാകാൻ സാധ്യത രൂപപ്പെട്ടിരിക്കുന്നു. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാർ ഭരിച്ചപ്പോൾ മുല്ലപ്പെരിയാർ വിഷയം കാര്യമായി ഉയർന്നുവന്നിരുന്നില്ല. എന്നാൽ തമിഴ്നാട്ടിലെ പുതിയ സർക്കാരിന്റെ ഈ വിഷയത്തിലെ നിലപാടും ഡിഎംകെ ഇപ്പോൾ പ്രതിപക്ഷത്താകുകയും കേരളത്തിലും ഭരണമാറ്റം ഉണ്ടാകുകയും ചെയ്തതും രാഷ്ട്രീയ ആയുധമായി മുല്ലപ്പെരിയാറിനെ മാറ്റാൻ സാധ്യത കൂടുതലാണ്.

മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ കേരളത്തിന്റെ നിലപാട് വ്യക്തമാക്കി കഴിഞ്ഞ ദിവസം ജലവിഭവ വകുപ്പുമന്ത്രി മോൻസ് ജോസഫ് രംഗത്ത് വന്നിരുന്നു. ‘കേരളത്തിലെ ജനങ്ങൾക്ക് സുരക്ഷ, തമിഴ്‌നാടിന് ആവശ്യമായ വെള്ളം’ എന്നതാണ് ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ എക്കാലത്തെയും പ്രഖ്യാപിത നയമെന്നും മുൻപ് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തുണ്ടായിരുന്ന ആ നിലപാടിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണെന്നും മോൻസ് വ്യക്തമാക്കി.

മുല്ലപ്പെരിയാർ വിഷയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശനും കഴിഞ്ഞ ദിവസം പ്രതികരണം നടത്തിയിരുന്നു. കേരളത്തിന്റെ സുരക്ഷയും തമിഴ്നാട്ടിലേയ്ക്കുള്ള ജല വിതരണവും ഉറപ്പാക്കുന്നതിനായി തമിഴ്‌നാട് സർക്കാരുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്ന് സതീശൻ പറഞ്ഞു. ജൂൺ 19 ന് ബജറ്റ് അവതരിപ്പിച്ചതിനുശേഷം നിയമസഭയിലും ഇത് സംബന്ധിച്ച ചർച്ചകൾ ഉണ്ടാകുമെന്ന് അ‌ദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിലെ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത്, മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കണമെന്നാണാണ് കേരളത്തിന്റെ നയം. “മുല്ലപ്പെരിയാറിന് പുറമെ മറ്റ് നിരവധി വിഷയങ്ങളിൽ എനിക്ക് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയുമായി കൂടിക്കാഴ്ച നടത്തേണ്ടതുണ്ട്. ഈ കാര്യങ്ങൾ ചർച്ച ചെയ്യാൻ ഞാൻ അവരെ കാണുമെന്ന് കർണാടക, തമിഴ്‌നാട് മുഖ്യമന്ത്രിമാരോട് പറഞ്ഞിരുന്നു,” എന്ന് മുഖ്യമന്ത്രി പറഞ്ഞു. ബജറ്റ് ചർച്ച അവസാനിച്ച ശേഷമായിരിക്കും ഇതെന്നും അ‌ദ്ദേഹം വ്യക്തമാക്കി.

അ‌തേസമയം ടിവികെ സർക്കാരിന്റെ ആദ്യ നിയമസഭാ സമ്മേളനത്തിലെ നടപടികൾ ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കപ്പെട്ടത്. നേരത്തെ സത്യപ്രതിജ്ഞാ ചടങ്ങിൽ സംഭവിച്ചതുപോലെ തമിഴ്തായ് വാഴ്ത്തിനെ പിന്നിലാക്കി വന്ദേമാതരം വീണ്ടും ആദ്യം മുഴങ്ങുമോ എന്നതായിരുന്നു പ്രധാന ആകാംക്ഷ. എന്നാൽ കീഴ്വഴക്കങ്ങൾ അ‌തേപടി തുടർന്ന്, ആദ്യം തമിഴ്തായ് വാഴ്ത്താണ് ആലപിച്ചത്. പിന്നാലെ ദേശീയഗാനം ആലപിച്ചു. വന്ദേമാതരം ആലപിച്ചില്ല.

സഭയിലെ പുതിയ അംഗങ്ങളെ അഭിനന്ദിച്ചാണ് ഗവർണർ പ്രസംഗം ആരംഭിച്ചത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ വിട്ടുവീഴ്ചയില്ല, ദ്വിഭാഷനയം തുടരും, ദേശീയ വിദ്യാഭ്യാസ നയത്തെ ശക്തമായി എതിർക്കും എന്നീ കാര്യങ്ങൾ നയപ്രഖ്യാപന പ്രസംഗത്തിൽ സർക്കാർ വ്യക്തമാക്കുകയും ഗവർണർ അ‌ത് വായിക്കുകയും​ ചെയ്തു. സംസ്ഥാനത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ദ്രാവിഡ പാർട്ടികളുടെ നിലപാട് തന്നെയാണ് ടിവികെ സർക്കാരിന് ഉണ്ടാകുവയെന്ന് നയപ്രഖ്യാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

മുൻസർക്കാർ ലഹരിയൊഴുക്ക് തടഞ്ഞില്ല. കുറ്റകൃത്യങ്ങൾ പെരുകാൻ കാരണം ലഹരിയൊഴുക്കാണ് എന്ന് മുൻ സർക്കാരിനെ ലക്ഷ്യമിട്ടുള്ള വിമർശനങ്ങളും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ ഇടംപിടിച്ചു. ത്രിഭാഷനയവുമായി കേന്ദ്രവിഹിതത്തെ ബന്ധിപ്പിക്കുന്നത് അംഗീകരിക്കില്ലെന്നതും കേന്ദ്ര സർക്കാരിനെതിരേയുള്ള വിമർശനങ്ങളും ഗവർണർ വായിച്ചു എന്നതും ശ്രദ്ധേയമായി. അ‌തേസമയം ക്രമസമാധാനനില, സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ ലൈംഗികാതിക്രമങ്ങൾ, ധവളപത്രവുമായി ബന്ധപ്പെട്ട വിമർശനങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഉയർത്തി പ്രതിപക്ഷമായ ഡിഎംകെ സഭയിൽ സർക്കാരിനെ നേരിടും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.