ചോദ്യപേപ്പർ ചോർച്ച, തൊഴിൽ പരീക്ഷകളിലെ ക്രമക്കേടുകൾ, തൊഴിലില്ലായ്മ തുടങ്ങി രാജ്യത്തെ യുവാക്കൾ നേരിടുന്ന പ്രതിസന്ധികൾ മുൻനിർത്തി കേന്ദ്ര സർക്കാരിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്. യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ പരഹരിക്കുന്നതിൽ മോദി സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടെന്നും മത്സരപരീക്ഷകൾ സുതാര്യമായി നടത്തുന്നതിൽ വീഴ്ച വരുത്തിയതിലൂടെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളു ഭാവിയാണ് സർക്കാർ ദുരിതത്തിലാക്കിയിരിക്കുന്നതെന്നും കോൺഗ്രസ് ആരോപിക്കുന്നു.

ഈ പ്രക്ഷോഭത്തിന്റെ തന്ത്രങ്ങൾക്ക് രൂപം നൽകുന്നതിനായി കഴിഞ്ഞ വ്യാഴാഴ്ച ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് മൂന്നു മണിക്കൂറോളം നീണ്ട ചർച്ച നടന്നിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാർ, വിവിധ സംസ്ഥാനങ്ങളിലെ പിസിസി പ്രസിഡന്റുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ആദ്യഘട്ടത്തിൽ രാജ്യത്തെ നാലു പ്രധാന നഗരങ്ങളിൽ യുവാക്കളുടെയും വിദ്യാർത്ഥികളുടെയും മഹാസമ്മേളനങ്ങൾ കോൺഗ്രസ് സംഘടിപ്പിക്കും.