വയനാട്: ജില്ലയിൽ ഏഴ് പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം പതിനാറായി. ജില്ലയിൽ പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. പകർച്ച വ്യാധി നിരീക്ഷണവും പ്രതിരോധ നിയന്ത്രണ ബോധവത്കരണ പ്രവർത്തനങ്ങളും ജില്ലയിൽ ശക്തമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ.ടി. രേഖ അറിയിച്ചു. നിലവിൽ രോഗം സ്ഥിരീകരിച്ച 16 കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഡിഎംഒ അറിയിച്ചു.
രോഗലക്ഷണങ്ങളുള്ള കുട്ടികൾ മറ്റുള്ളവരുമായുള്ള സമ്പർക്കം പരമാവധി കുറയ്ക്കണം. കുട്ടികളിൽ നിന്ന് മറ്റുള്ളവരിലേക്കും മുതിർന്നവരിലേക്കും രോഗം പകരുന്നത് തടയാൻ ആവശ്യമായ മുൻകരുതലുകളും പ്രതിരോധ മാർഗങ്ങളും സ്വീകരിക്കണം. പുതിയതായി രോഗലക്ഷണങ്ങൾ പ്രകടമാവുന്നുണ്ടെങ്കിൽ ഉടൻ ആരോഗ്യപ്രവർത്തകരെ അറിയിക്കുകയും അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടുകയും വേണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.
