സിബിഎസ്ഇ 12-ാം ക്ലാസ് ഓൺ-സ്ക്രീൻ മാർക്കിംഗ് (OSM) സംവിധാനത്തിന്റെ ടെൻഡർ നടപടികളിലെ അഴിമതി ആരോപണങ്ങളിൽ സർക്കാരിനും സിബിഎസ്ഇക്കുമെതിരെ ആക്രമണം കടുപ്പിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രൊഫഷണൽ ഉപകരണങ്ങൾക്ക് പകരം മൊബൈൽ ഫോണുകൾ ഉപയോഗിച്ചാണ് ഉത്തരക്കടലാസുകൾ സ്കാൻ ചെയ്തതെന്ന പുതിയ അവകാശവാദങ്ങൾ ചൂണ്ടിക്കാണിച്ചാണ് രാഹുൽ ഗാന്ധിയുടെ പുതിയ വിമർശനം.

സി.ബി.എസ്.ഇയുടെ ആദ്യത്തെ വൻകിട ഡിജിറ്റൽ മൂല്യനിർണ്ണയ കരാർ നൽകിയതിന് പിന്നിലെ നടപടിക്രമങ്ങൾ രേഖകൾ സഹിതം അന്വേഷിച്ച് പുറത്ത് കൊണ്ടുവന്ന, പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി സാർത്ഥക് സിദ്ധാന്ത് ഉന്നയിച്ച ആശങ്കകൾക്ക് രാഹുൽ പിന്തുണ പ്രഖ്യാപിച്ചു. ടെൻഡർ നടപടികൾക്കിടയിൽ പ്രധാന സാങ്കേതിക നിബന്ധനകളിൽ ഇളവ് വരുത്തിയ ശേഷം, ഉത്തരക്കടലാസുകൾ ഡിജിറ്റൈസ് ചെയ്യാൻ ചുമതലപ്പെടുത്തിയ സ്വകാര്യ വെണ്ടറായ ‘കോഎംപ്റ്റ് എഡ്യു ടെക്’ ഭൗതിക ഉത്തരക്കടലാസുകൾ സ്കാൻ ചെയ്യാൻ മൊബൈൽ ഫോണുകൾ ഉപയോഗിച്ചതായി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ രാഹുൽ കുറ്റപ്പെടുത്തി.

“സിബിഎസ്ഇയുടെ 2025 മെയ് മാസത്തിലെ ടെൻഡറിൽ ഉത്തരക്കടലാസുകൾ അവയുടെ ബൈൻഡിംഗ് കേടുപാടുകൾ കൂടാതെ നിലനിർത്തിക്കൊണ്ട്, കുറഞ്ഞത് 300 DPI ശേഷിയുള്ള ഓട്ടോമാറ്റിക് റോബോട്ടിക് സ്കാനറുകൾ ഉപയോഗിച്ച് സ്കാൻ ചെയ്യണമായിരുന്നു. എന്നാൽ ഓഗസ്റ്റിൽ വീണ്ടും നൽകിയ ടെൻഡറിൽ നിശബ്ദമായി അതെല്ലാം നീക്കം ചെയ്തു,” രാഹുൽ ഗാന്ധി കുറിച്ചു.

ഒരു പ്രത്യേക സ്ഥാപനത്തിന് വേണ്ടി ടെൻഡറിൽ മാറ്റങ്ങൾ വരുത്തുകയും മാനദണ്ഡങ്ങൾ ലഘൂകരിക്കുകയും ചെയ്തുവെന്നും, ഇത് വഴി ഈ ക്രമക്കേടിൽ ബോർഡിനും പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മൂല്യനിർണ്ണയത്തിലെ പിഴവുകൾ കാരണം മാർക്കിനെ ബാധിച്ച ഓരോ വിദ്യാർത്ഥിയും ഈ തട്ടിപ്പിന്റെ ഇരയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.