ന്യൂഡൽഹി: 2026-ലെ ഫിഫ ലോകകപ്പ് ഇന്ത്യയിൽ സീ എന്റർടൈൻമെന്റ് എന്റർപ്രൈസ് ലിമിറ്റഡിന്റെ (ZEE) പുതിയ കായിക ചാനലായ ‘യുണൈറ്റ്8 സ്‌പോർട്‌സ്’ (Unite8 Sports) വഴി തത്സമയം കാണാം. 48 ടീമുകൾ മാറ്റുരയ്ക്കുന്ന ലോകകപ്പ് മത്സരങ്ങൾ ‘സീ5’ (Zee5) ഒ.ടി.ടി. പ്ലാറ്റ്ഫോമിലും തത്സമയം സ്ട്രീം ചെയ്യും.  ജൂൺ 11-ന് യു.എസ്.എ., മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങൾ.

2026, 2030 വർഷങ്ങളിലെ പുരുഷ ലോകകപ്പുകൾ, 2027-ലെ വനിതാ ലോകകപ്പ് എന്നിവയുൾപ്പെടെ 2034 വരെയുള്ള പ്രമുഖ ഫിഫ ടൂർണമെന്റുകളുടേയും അനുബന്ധ ഡോക്യുമെന്ററികളുടേയും സംപ്രേഷണാവകാശമാണ് സീ സ്വന്തമാക്കിയിരിക്കുന്നത്. ഇതിനുപുറമേ അണ്ടർ-17, അണ്ടർ-20 പുരുഷ-വനിതാ ലോകകപ്പുകൾ, ഫുട്‌സാൽ ലോകകപ്പുകൾ, ഇന്റർകോണ്ടിനെന്റൽ കപ്പുകൾ എന്നിവയും സീ ചാനലുകളിലൂടെ ദൃശ്യമാകും. നേരത്തെ ഫിഫയുമായി സംപ്രേഷണാവകാശ തുകയെച്ചൊല്ലി ജിയോസ്റ്റാറിന് ധാരണയിലെത്താൻ സാധിക്കാതെ വന്നതോടെയാണ് സീ ഈ രംഗത്തേക്ക് പ്രവേശിച്ചത്. തങ്ങളുടെ ചില വിനോദ ചാനലുകൾ നിർത്തലാക്കിക്കൊണ്ടാണ് കമ്പനി യുണൈറ്റ്8 സ്‌പോർട്‌സ് 1 (ഹിന്ദി), യുണൈറ്റ്8 സ്‌പോർട്‌സ് 2 (ഇംഗ്ലീഷ്) എന്നീ ചാനലുകളും അവയുടെ എച്ച്.ഡി. പതിപ്പുകളും അവതരിപ്പിച്ചത്. ലോകകപ്പ് മത്സരങ്ങളിൽ ഭൂരിഭാഗവും ഇന്ത്യൻ സമയപ്രകാരം അർധരാത്രിക്ക് ശേഷമായിരിക്കും നടക്കുക. ഈ സമയവ്യത്യാസം കാരണം ഇന്ത്യൻ ചാനലുകൾക്ക് ഇതിനോട് വലിയ താത്പര്യമില്ലായിരുന്നു. അനുകൂലമായ സമയക്രമത്തിൽ ഖത്തറിൽ നടന്ന 2022-ലെ ലോകകപ്പിന്റെ അവകാശം 62 ദശലക്ഷം ഡോളറിനാണ് വയാകോം18 (ഇപ്പോൾ ജിയോസ്റ്റാറിന്റെ ഭാഗം) സ്വന്തമാക്കിയിരുന്നത്.