തിരൂരങ്ങാടി പോലീസ് ആദ്യ ഘട്ടത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ ആകെ ഏഴ് പ്രതികളാണുള്ളത്. ഇതിൽ ആറ് പേരെ പോലീസ് മുൻപ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ ചോദ്യം ചെയ്തപ്പോൾ ക്വാറി ആവശ്യങ്ങൾക്കായി എത്തിച്ചതാണെന്നായിരുന്നു മൊഴിയെങ്കിലും, ഇവർക്കാർക്കും ക്വാറി ലൈസൻസ് ഇല്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇതോടെയാണ് സ്ഫോടകവസ്തുക്കളുടെ യഥാർത്ഥ ഉറവിടവും ലക്ഷ്യവും കണ്ടെത്താൻ എൻ.ഐ.എ നേരിട്ട് രംഗത്തിറങ്ങിയത്.

കോഴിക്കോട്: വടക്കൻ കേരളത്തിലെ വിവിധ ജില്ലകളിൽ പുലർച്ചെ മുതൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) വ്യാപക പരിശോധന നടത്തുന്നു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഒരേസമയം റെയ്ഡ് പുരോഗമിക്കുന്നത്. മലപ്പുറം തിരൂരങ്ങാടിയിൽ വൻ സ്ഫോടകവസ്തു ശേഖരം പിടികൂടിയ കേസുമായി ബന്ധപ്പെട്ടാണ് കേന്ദ്ര ഏജൻസിയുടെ ഈ നിർണായക നീക്കം. ഇതിനിടെ കാസർകോട് ചിറ്റാരിക്കലിൽ നടത്തിയ പരിശോധനയിൽ ജലാറ്റിൻ സ്റ്റിക്കുകൾ പിടിച്ചെടുത്തു.

ഈ വർഷം ഫെബ്രുവരി ഏഴിനാണ് മലപ്പുറം തിരൂരങ്ങാടി ചെമ്മാടുള്ള ഒരു ഹോളോ ബ്രിക്സ് നിർമ്മാണ സ്ഥാപനത്തിൽ ഉള്ളിച്ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ വൻ തോതിൽ സ്ഫോടകവസ്തുക്കൾ ലോറിയിൽ എത്തിച്ചത്. അന്ന് പോലീസ് നടത്തിയ പരിശോധനയിൽ 89,600 ജലാറ്റിൻ സ്റ്റിക്കുകളും പതിനായിരത്തിലധികം ഡെറ്റണേറ്ററുകളും പിടിച്ചെടുത്തിരുന്നു. തുടർന്ന് കേസ് എൻ.ഐ.എ ഏറ്റെടുക്കുകയായിരുന്നു.

ഇന്നത്തെ പരിശോധനയുടെ വിവരങ്ങൾ

മലപ്പുറം ( ചെമ്മാട് ), കോഴിക്കോട് ( മുക്കം ), കണ്ണൂർ ( ചെറുപുഴ ), കാസർകോട് ( ചിറ്റാരിക്കൽ ) എന്നിവയാണ് പരിശോധന നടന്ന പ്രധാന സ്ഥലങ്ങൾ. കേസിലെ ഒന്നാം പ്രതിയും നിലവിൽ ഒളിവിലുമുള്ള മുക്കം സ്വദേശി ഹാരിസിന്റെ വീടുകളിലും സ്ഥാപനങ്ങളിലും ഒരേസമയം റെയ്ഡ് നടന്നു. കാസർകോട് ചിറ്റാരിക്കൽ ഭാഗത്ത് ജോർജ് എന്ന വ്യക്തിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ജലാറ്റിൻ സ്റ്റിക്ക് ഉൾപ്പെടെയുള്ള സ്ഫോടകവസ്തുക്കൾ കണ്ടെടുത്തത്.

കേസിന്റെ പശ്ചാത്തലം

തിരൂരങ്ങാടി പോലീസ് ആദ്യ ഘട്ടത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ ആകെ ഏഴ് പ്രതികളാണുള്ളത്. ഇതിൽ ആറ് പേരെ പോലീസ് മുൻപ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ ചോദ്യം ചെയ്തപ്പോൾ ക്വാറി ആവശ്യങ്ങൾക്കായി എത്തിച്ചതാണെന്നായിരുന്നു മൊഴിയെങ്കിലും, ഇവർക്കാർക്കും ക്വാറി ലൈസൻസ് ഇല്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇതോടെയാണ് സ്ഫോടകവസ്തുക്കളുടെ യഥാർത്ഥ ഉറവിടവും ലക്ഷ്യവും കണ്ടെത്താൻ എൻ.ഐ.എ നേരിട്ട് രംഗത്തിറങ്ങിയത്.

ലോറി ഉടമ, അതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർ, ഹോളോ ബ്രിക്സ് സ്ഥാപന ഉടമ, മുൻ ക്വാറി ഉടമകൾ എന്നിവരെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. റീജിയണൽ കണക്ഷനുകൾക്ക് പുറമെ കർണാടകയിൽ നിന്നാണോ ഈ സ്ഫോടകവസ്തുക്കൾ എത്തിച്ചത് എന്ന കാര്യവും എൻ.ഐ.എ സംഘം വിശദമായി പരിശോധിക്കുന്നുണ്ട്.