നെടുമങ്ങാട്: ഒന്നരവയസ്സുകാരൻ മരിച്ച സംഭവത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ പരാതിയുമായി ബന്ധുകൾ. കരിക്കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന അഖിലയുടെ മകൻ അർഷിദ് ആണ് കഴിഞ്ഞ ദിവസം മരിച്ചത്. രണ്ടാനച്ഛൻ കുട്ടിയെ സ്ഥിരമായി മർദിക്കാറുണ്ടെന്നും അമ്മ കുഞ്ഞിനെ ശ്രദ്ധിക്കാറില്ലെന്നും പരാതിയിൽ പറയുന്നു.

രണ്ടാനച്ഛൻ അഷ്കർ ചോറ് കൊടുക്കുന്നതിനിടയിൽ കുഞ്ഞ് ഛർദിച്ചിരുന്നു. ഉടൻ എസ്എടി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവം നടക്കുമ്പോൾ മാതാവ് അഖില തമിഴ്‌നാട്ടിൽ നൃത്തപരിപാടിക്ക് പോയിരിക്കുകയായിരുന്നു. കുഞ്ഞിനെ രണ്ടാനച്ഛൻ സ്ഥിരം മർദിക്കാറുണ്ടെന്നാണ് ആരോപണം. ഒരു മാസം മുമ്പ് ഇയാൾ കുട്ടിയുടെ കൈ ഒടിച്ചതായും കുടുംബത്തിൻ്റെ പരാതിയിലുണ്ട്. കുട്ടിയുടെ അമ്മയുടെ അമ്മയും കുട്ടിയുടെ അച്ഛന്റെ അച്ഛനും ചേർന്നാണ് പരാതി നൽകിയിരിക്കുന്നത്. കുട്ടിക്ക് രണ്ടുദിവസം മുമ്പ് മർദനമേറ്റ പാടുകൾ ശരീരത്തിലുണ്ടെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിലുണ്ട്. പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിൽ അമ്മയ്ക്കും രണ്ടാനച്ഛനും എതിരെ കേസെടുക്കും. കുട്ടിയുടെ പോസ്റ്റുമോർട്ടം നടപടികൾ പുരോഗമിക്കുന്നു.