തിരുവനന്തപുരം∙ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറായ രത്തൻ യു. കേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്ന നടപടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു. തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്‌മരണ എന്നതുപോലെ ഇത്തരം ഒരു നിയമനം നടത്തിയ അനുഭവം കേരളത്തില്‍ ഇന്നോളം ഉണ്ടായിട്ടില്ല. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ യുഡിഎഫിനു വേണ്ടി കമ്മിഷന്‍ പക്ഷപാതപരവും ദുരൂഹവുമായ പല നടപടികളും സ്വീകരിച്ചുവെന്ന എല്‍ഡിഎഫ് ആരോപണം ശരിവയ്ക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് .
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള കത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ സീലിനു പകരം ബിജെപി സീല്‍ കാണപ്പെട്ടതും വിവാദമായിരുന്നു. ബംഗാളില്‍ സമാനമായ രീതിയില്‍ നിയമനങ്ങള്‍ നടന്നപ്പോള്‍ ലജ്ജയില്ലാത്ത കൂട്ടുകെട്ടും ഒത്തുകളിയുമെന്നാണ് എഐസിസി പ്രതികരിച്ചത്. കേരളത്തില്‍ നടന്നത് കോണ്‍ഗ്രസും ബിജെപിയും തിരഞ്ഞെടുപ്പ് കമ്മിഷനുമായുള്ള ലജ്ജയില്ലാത്ത ഒത്തുകളിയും കൂട്ടുകെട്ടുമല്ലേ എന്ന് രാഹുല്‍ ഗാന്ധിയും അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയും വ്യക്തമാക്കണം
എസ്‌ഐആറിന്റെ പേരില്‍ ദശലക്ഷക്കണക്കിന് വോട്ടാണ് കേരളത്തില്‍ ഇല്ലാതാക്കിയത്. യഥാര്‍ഥ വോട്ടര്‍മാരുടെ വോട്ട് ഡിലീറ്റ് ചെയ്യുകയും അനര്‍ഹരെ നിലനിര്‍ത്തുകയും ചെയ്‌ത കമ്മിഷന്‍ നിലപാടിനെതിരെ അന്നു തന്നെ ഇടതുപക്ഷം രംഗത്തെത്തിയിരുന്നു. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ മുന്‍കൂട്ടി പ്രഖ്യാപിച്ച തീയതിക്ക് ഒരാഴ്‌ച മുന്‍പ് ആരെയും അറിയിക്കാതെ പേര്ു ചേര്‍ക്കുന്നത് അവസാനിപ്പിക്കാനും കമ്മിഷന്‍ നിര്‍ബന്ധം പിടിച്ചിരുന്നു. യുഡിഎഫിന്റെ വോട്ടുകളാകെ ആദ്യം തന്നെ ചേര്‍ത്തുവെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു പട്ടിക അന്തിമമാക്കാനുള്ള ഈ ധൃതിയെന്ന സംശയം ഇപ്പോള്‍ ബലപ്പെടുകയാണെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പറഞ്ഞു.
