24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ കൊണ്ടുദ്ദേശിക്കുന്നത്. ഇടിമിന്നലിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ മെയ് 6, ഇന്ന് മുതൽ മെയ് 10 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് ഇത് കൊണ്ട് അർത്ഥമാക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ കൊണ്ടുദ്ദേശിക്കുന്നത്. ഇടിമിന്നലിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ മെയ് 6, ഇന്ന് മുതൽ മെയ് 10 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറിൽ 40-50 km വരെ വേഗതയിൽ കാറ്റ് വീശിയേക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മഴ മുന്നറിയിപ്പ്

  • മെയ് 6 – യെല്ലോ അലർട്ട് – പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, മറ്റ് ജില്ലകളിൽ ഗ്രീൻ അലർട്ട്
  • മെയ് 7 – യെല്ലോ അലർട്ട് – പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം
  • മെയ് 8 – യെല്ലോ അലർട്ട് – കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, മറ്റ് ജില്ലകളിൽ ഗ്രീൻ അലർട്ട്
  • മെയ് 9- യെല്ലോ അലർട്ട് – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മറ്റ് ജില്ലകളിൽ ഗ്രീൻ അലർട്ട്
  • മെയ് 10- യെല്ലോ അലർട്ട് – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മറ്റ് ജില്ലകളിൽ ഗ്രീൻ അലർട്ട്

അൾട്രാവയലറ്റ് സൂചിക

മഴ സാധ്യത ഉണ്ടെങ്കിലും അൾട്രാവയലറ്റ് രശ്മികളെ സൂക്ഷിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണി വരെ രേഖപ്പെടുത്തപ്പെട്ട കണക്കുകൾ പ്രകാരം, വിവിധ സ്റ്റേഷനുകളിൽ ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. പത്തനംതിട്ട – കോന്നി, ആലപ്പുഴ – ചെങ്ങന്നൂർ, കോട്ടയം – ചങ്ങനാശ്ശേരി, ഇടുക്കി – മൂന്നാർ, പാലക്കാട് – തൃത്താല, മലപ്പുറം – പൊന്നാനി എന്നിവിടങ്ങളിലാണ് ഓറഞ്ച് അലർട്ട്

കൊല്ലം – കൊട്ടാരക്കര, എറണാകുളം – കളമശ്ശേരി, തൃശ്ശൂർ – ഒല്ലൂർ, കോഴിക്കോട് – ബേപ്പൂർ, വയനാട് – മാനന്തവാടി എന്നിവിടങ്ങളിൽ യെല്ലോ അലർട്ടാണ് നൽകിയിട്ടുള്ളത്. യുവി ഇൻഡക്സ് 6 മുതൽ 7 വരെ രേഖപ്പെടുത്തുമ്പോഴാണ് യെല്ലോ അലർട്ട് നൽകുന്നത്. 8 – 10 വരെ ഉയരുന്ന അവസരങ്ങളിൽ ഓറഞ്ച് അലർട്ടും 11ന് മുകളിൽ എത്തുമ്പോൾ റെഡ് അലർട്ടും പ്രഖ്യാപിക്കും. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്.

ഇടിമിന്നൽ ജാഗ്രത നിർദേശം

  1. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.
  2. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
  3. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
  4. ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം.
  5. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
  6. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
  7. ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക.
  8. മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
  9. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.