കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ യുഡിഎഫിന് അനുകൂലമായതോടെ, കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നു. വോട്ടെണ്ണൽ കാത്തുനിൽക്കാതെ തന്നെ പാർട്ടിയിലെ പ്രമുഖ നേതാക്കൾക്കായി അണികൾ രംഗത്തെത്തിക്കഴിഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും ഉയർന്നു കേൾക്കുന്നത്.

എക്സിറ്റ് പോളുകളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ പേർ പിന്തുണച്ചത് വി.ഡി. സതീശനെയാണ്. ഇന്ദിരാ ഭവന് മുന്നിൽ ഒന്നാം നമ്പർ സർക്കാർ കാർ പാർക്ക് ചെയ്തിരിക്കുന്ന ചിത്രം ‘ലോഡിംഗ്’ എന്ന ക്യാപ്ഷനോടെ സതീശൻ അനുകൂലികൾ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

തിരഞ്ഞെടുപ്പ് കാലത്ത് ഇടതുപക്ഷം സതീശനെ ലക്ഷ്യം വെച്ചത് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ അദ്ദേഹത്തിന് ഒരു ‘രക്ഷകൻ’ പരിവേഷം നൽകി. എന്നാൽ, മന്ത്രിസ്ഥാനം വഹിച്ചുള്ള പരിചയക്കുറവും പാർട്ടിക്കുള്ളിലെ മുതിർന്ന നേതാക്കളുമായുള്ള ബന്ധത്തിലെ വിള്ളലുകളും അദ്ദേഹത്തിന് വെല്ലുവിളിയായേക്കാം. യുഡിഎഫ് 100 സീറ്റുകൾ കടന്നാൽ മാത്രമേ സതീശന്റെ വഴി സുഗമമാകൂ എന്നാണ് വിലയിരുത്തൽ.