തിരുവനന്തപുരം : കേരളത്തില്‍ തൂക്കുസഭയെന്ന് ടുഡേയ്‌സ് ചാണക്യ എക്‌സിറ്റ് പോള്‍. യുഡിഎഫിന് 60 മുതല്‍ 78 സീറ്റുകള്‍ വരെയാണ് ചാണക്യ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. എല്‍ഡിഎഫിന് 55 മുതല്‍ 73 വരെ സീറ്റും എന്‍ഡിഎയ്ക്ക് 3 മുതല്‍ 11 വരെ സീറ്റുകളും ലഭിച്ചേക്കാം എന്നും എക്‌സിറ്റ് പോള്‍ പ്രവചനം. യുഡിഎഫിനും എല്‍ഡിഎഫിനും ഒന്‍പത് സീറ്റ് കൂടുകയോ കുറയുകയോ ചെയ്യാമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.
യുഡിഎഫിന് അനുകൂലമായ പ്രവചനം നടത്തുമ്പോഴും ഇടതുക്യാമ്പുകള്‍ക്ക് ആശ്വാസം നല്‍കുന്ന എക്‌സിറ്റ് പോളാണ് ടുഡേയ്‌സ് ചാണക്യയുടേത്. 69 സീറ്റിനൊപ്പം 9 സീറ്റ് യുഡിഎഫിന് കിട്ടുകയോ കുറയുകയോ ചെയ്യാമെന്നാണ് ടുഡേയ്‌സ് ചാണക്യ പറയുന്നത്. എല്‍ഡിഎഫിന് 64 സീറ്റിനൊപ്പം 9 സീറ്റ് കൂടുകയോ കുറയുകയോ ചെയ്യാമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. കേവല ഭൂരിപക്ഷത്തിന് മുകളിലേക്ക് എല്‍ഡിഎഫിന്റെ സീറ്റുകള്‍ ഉയരും എന്ന് സൂചന നല്‍കുന്ന ഏക സര്‍വേയാണ് ടുഡേയ്‌സ് ചാണക്യ എക്‌സിറ്റ് പോള്‍. യുഡിഎഫ് 40 ശതമാനം വോട്ട് നേടുമ്പോള്‍ എല്‍ഡിഎഫ് 38 ശതമാനം വോട്ട് നേടുമെന്നും ചാണക്യ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. എന്‍ഡിഎയ്ക്ക് 11 വരെ സീറ്റുകള്‍ ലഭിക്കാമെന്നും ടുഡേയ്‌സ് ചാണക്യ പ്രവചിക്കുന്നു.
2021-ലെ തെരഞ്ഞെടുപ്പില്‍ അന്തിമ ഫലത്തോട് ഏറ്റവും അടുത്ത് നിന്നത് ടുഡേയ്‌സ് ചാണക്യയുടെ എക്‌സിറ്റ് പോളായിരുന്നു. എല്‍ഡിഎഫിന് 93 മുതല്‍ 111 സീറ്റുകളാണ് ടുഡേയ്‌സ് ചാണക്യ പ്രവചിച്ചത്. കോണ്‍ഗ്രസിന് 36 മുതല്‍ 44 സീറ്റ് വരെയും എന്‍ഡിഎയ്ക്ക് പൂജ്യം മുതല്‍ 6 സീറ്റ് വരെ ലഭിക്കും എന്നുമായിരുന്നു ടുഡേയ്‌സ് ചാണക്യയുടെ പ്രവചനം.
